ADVERTISEMENT

മുംബൈ ∙ 18 ദിവസങ്ങൾ കൊണ്ട് 1500ലേറെപ്പേർ ഡെങ്കിപ്പനിയുടെയും മലേറിയയുടെയും പിടിയിലായതോടെ ആരോഗ്യവകുപ്പ് കൂടുതൽ ജാഗ്രതാ നിർദേശങ്ങൾ നൽകി. 756 പേർക്ക് മലേറിയയും മറ്റുള്ളവർക്ക് ഡെങ്കിപ്പനിയുമാണ് ബാധിച്ചിരിക്കുന്നത്. 49 വയസ്സുള്ള സ്ത്രീ ജുലൈയിൽ ഡെങ്കിപ്പനി ബാധിച്ച് മരിച്ചിരുന്നു. ഇടവിട്ട് പെയ്യുന്ന മഴ മൂലം പകർച്ചവ്യാധികൾ പടർന്ന് പിടിക്കുകയാണെന്നും ഗണേശോത്സവകാലത്ത് ആളുകൾ കൂടുതൽ ശ്രദ്ധയോടെ  പെരുമാറണമെന്ന മുന്നറിയിപ്പുമുണ്ട്. ഒരാഴ്ചയ്ക്കുള്ളിൽ പനിബാധിതരുടെ എണ്ണം ഇരട്ടിയായെന്നും 7 വർഷത്തിനിടെ ഏറ്റവും കൂടുതൽ ആളുകൾക്ക് ഇത്തരം പനി ബാധിച്ച കാലയളവാണിതെന്നും അധികൃതർ പറഞ്ഞു. താപനിലയിലുണ്ടാകുന്ന വ്യത്യാസം പലപ്പോഴും ആളുകളെ കൂടുതൽ ക്ഷീണിതരാക്കുന്നു. ഇതിനൊപ്പം നഗരത്തിൽ പലയിടത്തും വെള്ളം കെട്ടിക്കിടക്കുന്നതും വലിയ ഭീഷണിയായിട്ടുണ്ട്.

നഗരത്തിൽ വാരാന്ത്യങ്ങളിൽ പ്രതിരോധ പരിപാടികൾ നടത്തുന്നുണ്ടെങ്കിലും രോഗം തടഞ്ഞുനിർത്താൻ സാധിക്കുന്നില്ല. ജനങ്ങളുടെ കൂടി സഹകരണം ഉണ്ടെങ്കിൽ മാത്രമേ രോഗം പ്രതിരോധം സാധിക്കൂ. വീടുകളിലും ജോലിസ്ഥലങ്ങളിലും, വ്യാപാരസ്ഥാപനങ്ങളിലെയും കൊതുക് പ്രജനനകേന്ദ്രങ്ങൾ നശിപ്പിക്കാൻ മുൻകയ്യെടുക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലും മലേറിയ പരത്തുന്ന അനോഫിലിസ് കൊതുകുകൾ മലിനജലത്തിലുമാണ് വളരുന്നത്. കഴിഞ്ഞ 3 മാസത്തിനിടെ 3233 ആളുകൾക്ക് മലേറിയയും 2740 പേർക്ക് ഡെങ്കിപ്പനിയും പിടിപെട്ടിരുന്നു. പലപ്പോഴും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ വെള്ളം കെട്ടിനിൽക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്നും ഇതിൽ കരാറുകാർ കൂടുതൽ ഉത്തരവാദിത്തം കാണിക്കണമെന്നും നഗരസഭാ ആരോഗ്യവിഭാഗം ആവശ്യപ്പെട്ടു.

കരുതലാണ് മുഖ്യം

∙ ഫ്ലാറ്റിലും പുറത്തും വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങൾ മൂടിവയ്ക്കുക

∙ ഫ്രിജിന് പിന്നിലുള്ള ട്രേയിൽ വെള്ളം കെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക

∙ ഫ്ലാറ്റിനുള്ളിലെ ചെടിച്ചട്ടികളിലും, ഓഫിസ് റൂമിലെ ടേബിളിൽ വയ്ക്കുന്ന ചെടിച്ചട്ടികളിലും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക

∙ ടെറസിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ഹൗസിങ് സൊസൈറ്റികൾ ശ്രദ്ധിക്കണം

∙ മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com