മിഴിവോടെ ഉത്സവകാലം; തിരക്കിലേക്ക് നഗരം

Mail This Article
മുംബൈ ∙ ഗണേശോത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്നു കൂടുതൽ വിഗ്രഹങ്ങൾ നിമജ്ജനത്തിനെത്തും. ഒട്ടേറെപ്പേർ നഗരത്തിലേക്ക് വരുമെന്നതിനാൽ നിരത്തുകളിലും ലോക്കൽ ട്രെയിനുകളിലും വലിയ തിരക്ക് പ്രതീക്ഷിക്കാം. വീടുകളിൽ പ്രതിഷ്ഠിച്ച ഗണേശ വിഗ്രഹങ്ങളാണ് ഇന്നു കൂടുതലും നിമജ്ജനത്തിനെത്തിക്കുക. നിമജ്ജന കേന്ദ്രങ്ങളിൽ സുരക്ഷ ഉറപ്പാക്കാൻ പൊലീസിന്റെയും ലൈഫ്ഗാർഡുകളുടെയും സാന്നിധ്യം ഉറപ്പാക്കിയിട്ടുണ്ട്.

അതേസമയം, പാൽഘറിൽ നിമജ്ജനത്തിനിടെ ഇതുവരെ 4 പേർ മുങ്ങിമരിച്ചു. അപകടങ്ങളും മലിനീകരണവും ഒഴിവാക്കാൻ കൃത്രിമക്കുളങ്ങളിൽ നിമജ്ജനം നടത്താൻ ബിഎംസി അധികൃതർ അഭ്യർഥിച്ചു. നഗരത്തിലെ ഒരു ഡസനോളം പാലങ്ങൾ അപകടാവസ്ഥയിലായതിനാൽ നിമജ്ജന ഘോഷയാത്രകൾ പാലങ്ങളിൽ പ്രവേശിക്കുമ്പോൾ ഭക്തർ നൃത്തം ചെയ്യരുതെന്നും ബിഎംസി മുന്നറിയിപ്പ് നൽകി.
അപകടാവസ്ഥയിലുള്ള പാലങ്ങളുടെ പട്ടികയിൽ ഘാട്‌കോപ്പർ റെയിൽ പാലം, കറി റോഡ് റെയിൽ പാലം, ഓപ്പറ ഹൗസിലെ ഫ്രഞ്ച് പാലം, കെന്നഡി പാലം, മഹാലക്ഷ്മി റെയിൽ പാലം തുടങ്ങിയവ ഉൾപ്പെടുന്നു. വരുംദിവസങ്ങളിൽ ലക്ഷക്കണക്കിനാളുകൾ നഗരത്തിലേക്കു പ്രവേശിക്കുമെന്നത് മുന്നിൽകണ്ടാണ് ഈ മുന്നറിയിപ്പ്.
ലാൽബാഗ് ചാ രാജ ഗണേശ മണ്ഡലിൽ ദർശനത്തിന് അമിത് ഷാ ഇന്നെത്തും
മുംബൈ ∙ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നു പരേലിലെ ലാൽബാഗ് ചാ രാജ ഗണേശ മണ്ഡലിൽ ദർശനത്തിനെത്തും. ഉച്ചയ്ക്ക് 3.30ന് ഇവിടെയെത്തുന്ന ഷാ 25 മിനിറ്റോളം ഗണേശ മണ്ഡലിൽ ചെലവഴിക്കും.
ദർശനത്തിനു ശേഷം മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ വീടുകളും അദ്ദേഹം സന്ദർശിക്കും. ഇരുവരുടെയും വീടുകളിൽ ഗണേശ പ്രതിഷ്ഠയുണ്ട്.
ഷായുടെ വരവ് പ്രമാണിച്ച് നഗരത്തിൽ ശക്തമായ സുരക്ഷാ ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഏറ്റവും കൂടുതൽപേർ ദർശനത്തിനെത്തുന്ന മണ്ഡലുകളിലൊന്നായ ലാൽബാഗ് ചാ രാജയിൽ രാവിലെ തന്നെ വലിയ ക്യൂ കാണാം. ഗണേശോത്സവത്തിന്റെ ആദ്യ ദിവസം മാത്രം 20 ലക്ഷത്തോളം ഭക്തർ ഇവിടെയെത്തിയതായാണ് കണക്കാക്കുന്നത്. ബോളിവുഡ് താരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെയുള്ളവരാണ് ഇവിടെ ദർശനത്തിനെത്തുന്നത്.
28ന് അർധരാത്രിക്ക് ശേഷം 8 സ്പെഷൽ ലോക്കലുകൾ
ഗണേശോത്സവത്തിന്റെ സമാപനദിവസമായ 28ന് അർധരാത്രിക്കു ശേഷം പശ്ചിമ റെയിൽവേ ചർച്ച്ഗേറ്റ്, വിരാർ സ്റ്റേഷനുകൾക്കിടയിൽ 8 പ്രത്യേക ലോക്കൽ ട്രെയിൻ സർവീസ് നടത്തും. രാത്രി വൈകിയും ഒട്ടേറെപ്പേർ യാത്ര ചെയ്യുമെന്നത് പരിഗണിച്ചാണിത്. ഈ ട്രെയിനുകൾ എല്ലാ സ്റ്റേഷനിലും നിർത്തും. വിരാറിൽ നിന്നുള്ള ആദ്യ പ്രത്യേക ലോക്കൽ 29ന് പുലർച്ചെ 12.15ന് പുറപ്പെട്ട് 1.52ന് ചർച്ച്ഗേറ്റിൽ എത്തിച്ചേരും.
രണ്ടാമത്തെ ട്രെയിൻ ചർച്ച്‌ഗേറ്റിൽ നിന്ന് 12.45ന് പുറപ്പെട്ട് 2.22നും മൂന്നാമത്തെ ട്രെയിൻ പുലർച്ചെ 1.40ന് പുറപ്പെട്ട് 3.15നും നാലാമത്തെ ട്രെയിൻ 3നു പുറപ്പെട്ട് 4.40നും ചർച്ച്ഗേറ്റിൽ എത്തിച്ചേരും. തിരിച്ച് ചർച്ച്‌ഗേറ്റിൽ നിന്നുള്ള ആദ്യത്തെ പ്രത്യേക ലോക്കൽ 29ന് പുലർച്ചെ 1.15ന് ചർച്ച്‌ഗേറ്റിൽ നിന്ന് പുറപ്പെട്ട് 2.50ന് വിരാറിലെത്തും. രണ്ടാമത്തെ ട്രെയിൻ ചർച്ച്‌ഗേറ്റിൽ നിന്ന് 1.55ന് പുറപ്പെട്ട് 3.32നും മൂന്നാമത്തെ ട്രെയിൻ 2.55ന് പുറപ്പെട്ട് 4.02നും നാലാമത്തെ ട്രെയിൻ പുലർച്ചെ 3.20ന് പുറപ്പെട്ട് 4.58നും വിരാറിലെത്തും.