4 സ്റ്റേഷനുകളിൽ മിനി സിനിമ തിയറ്ററുകൾ തുറക്കാൻ മധ്യറെയിൽവേ ട്രെയിൻ പിടിക്കാനെത്താം; സിനിമ കണ്ട് കയറാം

Mail This Article
മുംബൈ ∙ മധ്യറെയിൽവേയുടെ നാലു സ്റ്റേഷനുകളിൽ മിനി സിനിമ തിയറ്ററുകൾ വരുന്നു. ട്രെയിൻ കയറാനെത്തുന്നവർക്കും ട്രെയിനുകൾ മാറിക്കയറേണ്ടവർക്കും വിനോദത്തിനും വിശ്രമിക്കാനും അവസരമൊരുക്കുന്നതിനു പുറമേ റെയിൽവേക്കു വരുമാനം കൂടി ഉറപ്പാക്കുന്നതാണു പദ്ധതി. 5,000 ചതുരശ്രയടി വരുന്ന ഹാളിൽ നൂറു പേർക്കുള്ള ഇരിപ്പിടങ്ങൾ ഒരുക്കും. ഭക്ഷണ പാനീയങ്ങളും ലഭ്യമാകും. ടിക്കറ്റ് എടുക്കുന്നവർക്കു മാത്രമാണ് പ്രവേശനം. ഡോംബിവ്‌ലി, ഖോപ്പോളി, ജൂചന്ദ്ര, ഇഗത്പുരി സ്റ്റേഷനുകളിലാണ് സിനിമ ഹാളുകൾ വരിക.
ഇവിടെ പുതിയ സിനിമകൾ, ഡോക്യുമെന്ററികൾ എന്നിവ പ്രദർശിപ്പിക്കുമെന്ന് മധ്യറെയിൽവേ അറിയിച്ചു. നാലു തിയറ്ററുകളിൽ നിന്നായി പ്രതിവർഷം 1.2 കോടി രൂപയാണ് മധ്യറെയിൽവേ പ്രതീക്ഷിക്കുന്ന വരുമാനം. തിരക്കേറിയ ഡോംബിവ്‌ലി സ്റ്റേഷനിൽ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം പ്രതീക്ഷിക്കുന്നത്- 47.90 ലക്ഷം. ഖോപ്പോളി- 23.30 ലക്ഷം, ജൂചന്ദ്ര- 35.80 ലക്ഷം, ഇഗത്പുരി- 17.10 ലക്ഷം എന്നിങ്ങനെയാണ് മറ്റ് സ്റ്റേഷനുകളിൽ നിന്നു പ്രതീക്ഷിക്കുന്ന വരുമാനം.
സൗകര്യപ്രദം, ആനന്ദകരം
ടിക്കറ്റിതര വരുമാനം വർധിപ്പിക്കുന്നതിനായി വിവിധ പദ്ധതികളാണ് സമീപകാലത്ത് പശ്ചിമ റെയിൽവേയും മധ്യറെയിൽവേയും നടപ്പിലാക്കിയത്. നിലവിൽ പോഡ് ഹോട്ടൽ, റസ്റ്ററന്റ് ഓൺ വീൽസ്, സലൂൺ, സ്പാ തുടങ്ങിയ സേവനങ്ങൾ സ്റ്റേഷനുകളിൽ ലഭ്യമാണ്. പഴയ ട്രെയിൻ കോച്ചുകൾ റസ്റ്ററന്റ് മാതൃകയിൽ പരിഷ്കരിച്ച് തയാറാക്കിയ ‘റസ്റ്ററന്റ് ഓൺ വീൽസ്’ സിഎസ്എംടി സ്റ്റേഷനിലാണ് പ്രവർത്തിക്കുന്നത്.
മധ്യറെയിൽവേയുടെ സിഎസ്എംടി ടെർമിനസിലും കുർള എൽടിടി ടെർമിനസിലും പശ്ചിമ റെയിൽവേയുടെ മുംബൈ സെൻട്രൽ സ്റ്റേഷനിലും പോഡ് ഹോട്ടലുണ്ട്. ചെറിയ അറകളിൽ താമസസൗകര്യം ഒരുക്കുന്ന പോഡ് ഹോട്ടലുകളിൽ സാധാരണ ഹോട്ടലുകളിലേതിനെക്കാൾ കുറഞ്ഞ വാടക മതി. സലൂണിലും സ്പായിലുമൊക്കെ സേവനങ്ങൾക്കു ‘പ്രീമിയം’ നിരക്കാണെങ്കിലും സ്റ്റേഷനിൽ തന്നെ ഈ സൗകര്യങ്ങൾ ലഭിക്കുന്നതിനാൽ യാത്രക്കാർക്കു സമയലാഭമുണ്ട്.
മിനി തിയറ്റർ പദ്ധതിയൊരുക്കി എംഎസ്ആർടിസിയും
ബസ് ഡിപ്പോകളിൽ മിനി തിയറ്ററുകൾ തുറക്കാൻ എംഎസ്ആർടിസിക്കും പദ്ധതിയുണ്ട്. 500 കോടി രൂപ ചെലവിൽ ഡിപ്പോകൾ നവീകരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണിത്. സംസ്ഥാനത്ത് 250 ബസ് ഡിപ്പോകളാണ് എംഎസ്ആർടിസിക്കുള്ളത്.