പ്രളയം: നാഗ്പുരിൽ മരണം നാലായി; വെള്ളം കയറിയത് 10,000 വീടുകളിൽ
Mail This Article
മുംബൈ ∙ നാഗ്പുരിൽ കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരണം നാലായി. തളർവാതം പിടിപെട്ട് കിടപ്പിലായ മുതിർന്ന സ്ത്രീയും മരിച്ചവരിലുൾപ്പെടുന്നു. താഴ്ന്ന പ്രദേശങ്ങളിലെ 10,000 വീടുകളെയെങ്കിലും പ്രളയം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വീടുകളിൽ ചെളിയും വെള്ളവും കയറിയതോടെ ആ മേഖലകളിലെ ആളുകളെ മാറ്റിപ്പാർപ്പിച്ചു.പ്രളയബാധിത മേഖല സന്ദർശിച്ച ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് സ്ഥിതിഗതികൾ വിലയിരുത്തി.
ശനിയാഴ്ച പുലർച്ചെ മുതലാണ് മഴ ശക്തി പ്രാപിച്ചത്. തുടർന്നുണ്ടായ മിന്നൽ പ്രളയത്തിലാണ് കനത്ത നാശനഷ്ടമുണ്ടായത്. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചെങ്കിലും ഇത്രയും ശക്തിയിൽ മഴ പെയ്യുമെന്ന് കരുതിയില്ലെന്നാണ് അധികൃതർ പറയുന്നത്. മേഘവിസ്ഫോടനമാണ് ശക്തിയേറിയ മഴയ്ക്ക് കാരണമായത്. ദേശീയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും പൊലീസും അഗ്നിരക്ഷാ സേനയും സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
താൽക്കാലിക ദുരിതാശ്വാസ ക്യാംപുകളിൽ മെഡിക്കൽ സംഘത്തിന്റെ സഹായവും ലഭ്യമാക്കിയിട്ടുണ്ട്. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ 4 ലക്ഷം രൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചു. നാശനഷ്ടം സംഭവിച്ച വീടുകൾക്കും റോഡരികിലെ ചെറുകിട സ്ഥാപനങ്ങൾക്കും 10,000 രൂപയുടെ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വലിയ കടകൾക്ക് 5 ലക്ഷം രൂപ വരെയാണ് നൽകുക.
27 ജില്ലകളിൽ മഴക്കുറവ്; വിദർഭയിൽ പേമാരി
മുംബൈ ∙ സംസ്ഥാനത്തെ 36 ജില്ലകളിൽ 9 എണ്ണത്തിൽ മാത്രമാണ് ഇക്കുറി ആവശ്യത്തിനു മഴ ലഭിച്ചത്. 27 ജില്ലകളിൽ മഴക്കുറവ് രൂക്ഷമായി തുടരുകയാണ്. ഒൗറംഗബാദ് (സംഭാജി നഗർ), ഉസ്മാനബാദ് (ധാരാശിവ്), വാഷിം, അമരാവതി, അകോള, പർഭണി, ഹിൻഗോളി, ബീഡ്, സത്താറ, സോലാപുർ, ലാത്തൂർ, സാംഗ്ലി, അഹമ്മദ്നഗർ തുടങ്ങിയ ജില്ലകളിലാണ് പ്രതീക്ഷിച്ചതിലും മഴ കുറഞ്ഞത്.
പതിവിൽ നിന്നു വ്യത്യസ്തമായി ഓഗസ്റ്റിൽ മഴ കുറഞ്ഞതാണ് തിരിച്ചടിയായത്. ഇൗ മാസം മഴ മെച്ചപ്പെട്ടത് കുറവു പരിഹരിക്കുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ നിഗമനം. അതേസമയം, വരൾച്ച ബാധിത മേഖലയായ വിദർഭയില്‍ രണ്ടു ദിവസമായി പേമാരിയും വെള്ളപ്പൊക്കവും തുടരുകയാണ്. കൊങ്കൺ മേഖലയിൽ വരുന്ന റായ്ഗഡ്, രത്നാഗിരി, പാൽഘർ, സിന്ധുദുർഗ് ജില്ലകളിലും മെച്ചപ്പെട്ട മഴയാണു ലഭിച്ചത്.