വോട്ടർമാരിൽ പാതിയോളമെങ്കിലും സീറ്റിൽ പത്തിലൊന്നുപോലുമില്ല!

Mail This Article
മുംബൈ ∙ വനിതാ സംവരണം വരുന്നതോടെ മഹാരാഷ്ട്രയ്ക്കു ലഭിക്കുക 95 വനിതാ എംഎൽഎമാരെ. നിലവിൽ 288 അംഗ നിയമസഭയിൽ 24 വനിതകൾ മാത്രമാണുള്ളത്. 43 മന്ത്രിമാർ വരെ ആകാവുന്ന മന്ത്രിസഭയിൽ നിലവിൽ ഒരു വനിതാ മന്ത്രി മാത്രമാണുള്ളത്.സംവരണം നടപ്പാക്കുന്നതു വനിതകൾക്കു മുന്നിൽ വലിയ അവസരമാണ് തുറക്കുക. എല്ലാ രാഷ്ട്രീയപാർട്ടികളും പുതിയ നീക്കത്തെ സ്വാഗതം ചെയ്തിട്ടുണ്ട്.
എന്നാൽ, 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 105 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് 12 വനിതാ എംഎൽഎമാർ മാത്രമാണുള്ളത്. കോൺഗ്രസിന്റെ 44 എംഎൽഎമാരിൽ 5 പേർ മാത്രമാണു വനിതകൾ. അവിഭക്ത എൻസിപിക്ക് 54 എംഎൽഎമാരുള്ളതിൽ വനിതകൾ മൂന്നു പേർ മാത്രം. 40 ജനപ്രതിനിധികളുള്ള ഷിൻഡെ പക്ഷത്ത് 2 പേരും 16 എംഎൽഎമാരുള്ള ഉദ്ധവ് പക്ഷത്ത് ഒരാളും മാത്രമാണ് വനിതാ എംഎൽഎയായുള്ളത്.
സംസ്ഥാനത്തെ 12 കോടി ജനസംഖ്യയിൽ 8.97 കോടി വോട്ടർമാരാണുള്ളത്. ഇതിൽ 4.38 കോടി വനിതകളാണ്. ആകെ വോട്ടർമാരിൽ 47% വരുമിത്. ഇത്രയേറെ വനിതാ വോട്ടർമാരുണ്ടായിട്ടും അർഹമായ പ്രാതിനിധ്യം സ്ത്രീകൾക്ക് ലഭിച്ചിരുന്നില്ല. ആദ്യകാലത്ത് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ എണ്ണം കുറവായിരുന്നെങ്കിലും ക്രമേണ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പു പ്രചാരണ രംഗത്തും വനിതകൾ കൂടുതൽ സജീവമായിരിക്കെയാണ് സംവരണ നീക്കം. 1960ൽ നിലവിൽവന്ന സംസ്ഥാനത്ത് ഇതുവരെ വനിതാ മുഖ്യമന്ത്രി ഉണ്ടായിട്ടില്ല.