രണ്ടാം ഭാര്യയിൽ മക്കളില്ല; ബാലികയെ തട്ടിക്കൊണ്ടുപോയ മലയാളി പിടിയിൽ

Mail This Article
മുംബൈ ∙ നവിമുംബൈയിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ 74 വയസ്സുള്ള മലയാളി അറസ്റ്റിൽ. 40 വർഷമായി നെരൂൾ കരാവെയിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശി മാണി തോമസാണ് അറസ്റ്റിലായത്. തനിക്കു രണ്ടാം ഭാര്യയിൽ മക്കളില്ലാത്തതിനാലാണ് കുട്ടിയെ ഒപ്പം കൂട്ടിയതെന്നാണ് ഇയാൾ പൊലീസിനോടു പറഞ്ഞത്.
വ്യാഴാഴ്ച ഉച്ചയ്ക്ക്, നെരൂൾ ഇൗസ്റ്റിൽ റെയിൽവേ സ്റ്റേഷനു സമീപം ചേരിമേഖലയിൽ സഹോദരങ്ങൾക്കൊപ്പം കളിക്കുന്നതിനിടെയാണ് ഇയാൾ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വടാപാവും മറ്റു ഭക്ഷണസാധനങ്ങളും നൽകി അനുനയിച്ച് ഒപ്പം കൂട്ടുകയായിരുന്നു. മാതാപിതാക്കൾ പരാതി നൽകിയതിനു പിന്നാലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. ഓട്ടോറിക്ഷകൾ മാറിക്കയറിയാണ് മാണി തോമസ് താമസസ്ഥലത്തെത്തിയത്. വീട്ടിലെത്തിച്ച ശേഷം കുട്ടിയുടെ മുടി മുറിക്കുകയും ചെയ്തിട്ടുണ്ട്.
കുട്ടിയെ മെഡിക്കൽ പരിശോധനയ്ക്കു വിധേയമാക്കിയെന്നും പീഡനമോ മറ്റ് അതിക്രമങ്ങളോ നടന്നതായി തെളിഞ്ഞിട്ടില്ലെന്നും പൊലീസ് പറഞ്ഞു. മേഖലയിൽ ഇതിനു മുൻപ് ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ, മനുഷ്യക്കടത്ത് സംഘവുമായി പ്രതിക്ക് ബന്ധമുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്. അറസ്റ്റിലായ തോമസിന് ആദ്യഭാര്യയിൽ രണ്ടു മക്കളുണ്ടെന്നും ആദ്യഭാര്യയുടെ മരണത്തെത്തുടർന്നാണ് രണ്ടാമതു വിവാഹം കഴിച്ചതെന്നും പൊലീസ് പറഞ്ഞു.