2എ, 7 പാതകളിൽ 5 കോടിയും കടന്ന് യാത്രികർ; കുതിച്ചോടി മെട്രോ

Mail This Article
മുംബൈ ∙അന്ധേരിക്കും ദഹിസറിനും മധ്യേയുള്ള മെട്രോ 2എ, 7 പാതകളിൽ യാത്ര ചെയ്തവരുടെ എണ്ണം അഞ്ചു കോടി കവിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിൽ മുതൽ 2023 സെപ്റ്റംബർ 24 വരെയുള്ള കാലയളവിലാണ് ഇത്രയേറെ യാത്രികർ ഈ പാതകളെ ആശ്രയിച്ചിരിക്കുന്നത്. അന്ധേരി വെസ്റ്റ്, ആനന്ദ് നഗർ, ദഹിസർ, കാന്തിവ്‌ലി, ബോറിവ്‌ലി എന്നീ സ്റ്റേഷനുകളിൽ നിന്നു പുറപ്പെട്ടവരാണ് യാത്രക്കാരിലേറെയും.
കൂടുതൽ ആളുകൾ മെട്രോയെ ആശ്രയിച്ച് തുടങ്ങിയരിക്കുന്നത് ശുഭസൂചനയാണെന്നും നഗരത്തിന്റെ ഇഷ്ടയാത്രാമാർഗമായി മെട്രോ മാറുകയാണെന്നുമാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്തിരുന്ന പലരും മെട്രോയിലേക്ക് ചേക്കേറിയതാണ് എണ്ണം വർധിക്കാൻ കാരണം. ഓരോ മാസവും 5% വർധനയാണ് ഉണ്ടാകുന്നത്.
കഴിഞ്ഞ വർഷം ഏപ്രിലിൽ 30,000 മുതൽ 40,000 വരെ യാത്രക്കാരാണ് ഈ പാതകളിൽ സഞ്ചരിച്ചത്. പിന്നീട് അടുത്ത ഘട്ടം കൂടി ഉദ്ഘാടനം ചെയ്തതോടെ യാത്രക്കാരുടെ എണ്ണം പടിപടിയായി ഉയരുകയായിരുന്നു. ഈ വർഷം ജനുവരി 20 മുതലാണ് ഇരുപാതകളും ചേർത്ത് 35 കിലോമീറ്റർ മെട്രോ സർവീസ് ആരംഭിക്കുന്നത്. മുൻപ് 20 കിലോമീറ്റർ മാത്രമാണ് സർവീസ് ഉണ്ടായിരുന്നത്. രാവിലെ 7 മുതൽ 11 വരെയും വൈകിട്ട് 5.30 മുതൽ രാത്രി 8.30 വരെയുമാണ് യാത്രക്കാർ കൂടുതൽ. യാത്രക്കാരിൽ 40% പേർ മുംബൈ വൺ കാർഡ് എടുത്തിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.