ജിഎസ്ടി കുടിശിക; പങ്കജ മുണ്ടെയുടെ പഞ്ചസാര ഫാക്ടറിക്ക് 19 കോടിയുടെ നോട്ടിസ്

Mail This Article
മുംബൈ ∙ അവഗണനയെത്തുടർന്ന് ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുതിർന്ന പാർട്ടി നേതാവ് പങ്കജ മുണ്ടെയുടെ നേതൃത്വത്തിലുള്ള പഞ്ചസാര ഫാക്ടറിക്ക് ജിഎസ്ടി കുടിശികയുമായി ബന്ധപ്പെട്ട് 19 കോടി രൂപയുടെ നോട്ടിസ് നൽകി ജിഎസ്ടി വകുപ്പ്. ഏറെക്കാലമായി ഫഡ്നാവിസ് അടക്കമുള്ള നേതാക്കളോട് അകൽച്ചയിലായ പങ്കജ സജീവ പാർട്ടിപ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയാണ്.
അടുത്തയിടെ സംസ്ഥാനത്തെ 10 ജില്ലകളിൽ ശിവശക്തിയാത്ര നടത്തിയിരുന്നു. ആത്മീയ യാത്രയെന്ന പേരിൽ വിമത നീക്കത്തിനുള്ള സന്നാഹ പര്യടനമാണിതെന്നാണ് പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ കണക്കുകൂട്ടൽ. അതിനിടെയാണ് പങ്കജയെ വെട്ടിലാക്കിക്കൊണ്ട് ജിഎസ്ടി നോട്ടിസ്. ഭീമമായ തുകയുടെ കുടിശിക അടയ്ക്കാൻ കഴിയാതെ വന്നാൽ ഫാക്ടറി കണ്ടുകെട്ടുന്നതടക്കമുള്ള നടപടികളിലേക്ക് ജിഎസ്ടി വകുപ്പ് കടന്നേക്കും.
മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അന്തരിച്ച ഗോപിനാഥ് മുണ്ടെയുടെ മകളാണ് പങ്കജ. 2014ലെ ഫഡ്നാവിസ് സർക്കാരിൽ മന്ത്രിയായിരുന്ന അവർ 2019ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ഫഡ്നാവിസിന് എതിരാളിയായി മാറിയേക്കുമെന്ന തോന്നലിൽ അദ്ദേഹമടക്കമുള്ളവർ പങ്കജയെ പരാജയപ്പെടുത്തുകയായിരുന്നു എന്നാണ് ആരോപണം. വരൾച്ചയെത്തുടർന്ന് മറാഠ്‌വാഡയിലെ പഞ്ചസാര ഫാക്ടറി നഷ്ടത്തിലായതാണ് കുടിശികയ്ക്കും പ്രതിസന്ധിക്കും കാരണമെന്ന് പങ്കജ മുണ്ടെ വിശദീകരിച്ചു. മറ്റു ഫാക്ടറികൾ സാമ്പത്തിക സഹായം ആവശ്യപ്പെട്ട് നൽകിയ അപേക്ഷകൾ കേന്ദ്ര സർക്കാർ അംഗീകരിച്ചപ്പോൾ തന്റെ ഫാക്ടറിയുടെ അപേക്ഷ അവഗണിച്ചെന്നും ആരോപിച്ചു.