എങ്ങും ‘ഗണപതി ബപ്പാ മോറയാ’ വിളികൾ; നിമജ്ജന നിറവിൽ നഗരം

Mail This Article
മുംബൈ ∙ പത്തുദിവസത്തെ ഗണേശോത്സവത്തിനു സമാപനം കുറിക്കുന്ന അനന്ത് ചതുർദശി ഇന്ന്. സാർവജനിക് ഗണേശ മണ്ഡലുകളിൽ നിന്നുള്ള വലിയ ഗണേശ വിഗ്രഹങ്ങളുമായി നിമജ്ജനത്തിന് നീങ്ങുന്ന ഘോഷയാത്രകൾ ഇന്നു നഗരം കീഴടക്കും. എങ്ങും ‘ഗണപതി ബപ്പാ മോറയാ’ വിളികൾ മുഴങ്ങും. ഗിർഗാവ്, ദാദർ, ജുഹു, മാർവെ, അക്സ ബീച്ചുകൾ ഉൾപ്പെടെ 73 കേന്ദ്രങ്ങളിലാണ് ഇന്ന് നിമജ്ജനം നടക്കുക.
നഗരത്തിലെ റോഡുകളിൽ ട്രക്കുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങളുടെ പ്രവേശനം വിലക്കിയിട്ടുണ്ട്. അതേസമയം പച്ചക്കറി, പാൽ, റൊട്ടി, ബേക്കറി ഉൽപന്നങ്ങൾ, ശുദ്ധജലം, പെട്രോൾ, ഡീസൽ, മണ്ണെണ്ണ ടാങ്കറുകൾ, ആംബുലൻസുകൾ, സർക്കാർ, അർധ സർക്കാർ വാഹനങ്ങൾ, സ്കൂൾ ബസുകൾ എന്നിവയ്ക്കു വിലക്ക് ബാധകമല്ല.
19,000 പൊലീസുകാർ
അനിഷ്ട സംഭവങ്ങൾ തടയാൻ 19,000 ഉദ്യോഗസ്ഥരെ മുംബൈ പൊലീസ് വിന്യസിച്ചു. 16,250 കോൺസ്റ്റബിൾമാർ, 2,866 ഓഫിസർമാർ, 45 അസിസ്റ്റന്റ് പൊലീസ് കമ്മിഷണർമാർ, 25 ഡപ്യൂട്ടി പൊലീസ് കമ്മിഷണർമാർ, 8 അഡീഷനൽ പൊലീസ് കമ്മിഷണർമാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, സ്റ്റേറ്റ് റിസർവ് പൊലീസ്, റാപ്പിഡ് ആക്‌ഷൻ ഫോഴ്സ്, ക്വിക് റെസ്പോൺസ് ടീമുകൾ, ഹോം ഗാർഡുകൾ എന്നിവയുടെ സാന്നിധ്യവും ഉണ്ടാകും. നഗരത്തിലെ എല്ലാ ഘോഷയാത്രകളും സിസിടിവി ക്യാമറകൾ വഴി സൂക്ഷ്മമായി നിരീക്ഷിക്കും. ഇതിനായി പ്രത്യേക കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ക്രമസമാധാന പാലനം ഉറപ്പാക്കാൻ മഫ്തി പൊലീസുകാരും ജനക്കൂട്ടത്തിൽ ഇറങ്ങും
മടങ്ങാൻ 18 പ്രത്യേക ലോക്കലുകൾ
ഇന്ന് ഗണേശ വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങുന്ന യാത്രക്കാർക്കായി പശ്ചിമ റെയിൽവേയും മധ്യറെയിൽവേയും 18 പ്രത്യേക ലോക്കൽ ട്രെയിൻ സർവീസുകൾ നടത്തും. മധ്യറെയിൽവേ സിഎസ്എംടി-താനെ,കല്യാൺ റൂട്ടിലും സിഎസ്എംടി-ബേലാപ്പുർ റൂട്ടിലുമായി 10 പ്രത്യേക ട്രെയിനുകളാണ് ഓടിക്കുന്നത്. രാത്രി 12.05 മുതലാണ് സർവീസുകൾ. പശ്ചിമ റെയിൽവേ ചർച്ച്ഗേറ്റ്-വിരാർ സ്റ്റേഷനുകൾക്കിടയ്ക്ക് 8 പ്രത്യേക സർവീസുകൾ ഓടിക്കും. രാത്രി 12.15 മുതലാണ് സർവീസുകൾ. ഗിർഗാവ് ബീച്ചിലെ നിമജ്ജന കേന്ദ്രത്തിനു സമീപമുള്ള ചർണി റോഡ് സ്റ്റേഷനിൽ പ്രതീക്ഷിക്കുന്ന തിരക്ക് കണക്കിലെടുത്ത് ഇന്ന് വൈകിട്ട് 5 മുതൽ രാത്രി 10 വരെ എല്ലാ ഫാസ്റ്റ് ട്രെയിനുകളും ചർണി റോഡിൽ കൂടി നിർത്താൻ പശ്ചിമ റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.
വീണ്ടെടുത്ത് ഉത്സവകാലം
രണ്ടു വർഷം നീണ്ട കോവിഡ് കാലവും സാമ്പത്തിക മാന്ദ്യത്തിന്റെ ഒരു വർഷവും കടന്ന് പഴയ ഉത്സവകാലം വീണ്ടെടുക്കുകയായിരുന്നു ഈ പത്തു ദിവസങ്ങളിൽ. താമസസമുച്ചയങ്ങളിലും പ്രധാന കവലകളിലുമൊക്കെ ഒരുക്കിയ ഗണേശ പന്തലുകളിൽ ലക്ഷക്കണക്കിനാളുകൾ ദർശനത്തിനെത്തി. സാർവജനിക് ഗണേശ മണ്ഡലുകളിൽ ഗണേശ ദർശനത്തിനായി പലരും മണിക്കൂറുകൾ കാത്തുനിന്നു.
ഭജനയും ആരതിയും അന്നദാനവുമൊക്കെയായി ഉത്സവമേളം. നിമജ്ജന ഘോഷയാത്രകളിലും സ്ത്രീ, പുരുഷ ഭേദമന്യേ വലിയ ജനപങ്കാളിത്തമുണ്ടായി. 19ന് ആരംഭിച്ച ഗണശോത്സവം ഇന്നു സമാപിക്കുകയാണെങ്കിലും നഗരത്തിന്റെ ഉത്സവകാലം തുടരുന്നു. അടുത്ത മാസം നവരാത്രി ആഘോഷങ്ങളും നവംബറിൽ ദീപാവലി ആഘോഷങ്ങളുമാണ് കാത്തിരിക്കുന്നത്. തുടർന്ന് ക്രിസ്മസ്, പുതുവത്സര സീസണും എത്തും.