ആശുപത്രികൾ വിലയിരുത്താൻ ഉദ്യോഗസ്ഥരെത്തും

Mail This Article
മുംബൈ∙ നഗരത്തിലെ സ്വകാര്യ ആശുപത്രികൾ സന്ദർശിച്ച് അവയുടെ പ്രവർത്തന രീതി മനസ്സിലാക്കാൻ ബിഎംസി ആശുപത്രികളിലെ ഉന്നത ഉദ്യോഗസ്ഥർക്കു നിർദേശം.ആരോഗ്യവിഭാഗത്തിന്റെ ചുമതലയുള്ള അഡീഷനൽ മുനിസിപ്പൽ കമ്മിഷണർ ഡോ. സുധാകർ ഷിൻഡെയാണ് ബിഎംസി ആശുപത്രികളുടെ സൂപ്രണ്ട് ഉൾപ്പെടെയുളള ഉന്നത ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയത്. ബിഎംസി ആശുപത്രികളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനാണിത്.
ബിഎംസി ആശുപത്രികളിലെ സൗകര്യങ്ങളുടെ അഭാവത്തെക്കുറിച്ചും ജീവനക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ചും പരാതികൾ ഉയർന്നിരുന്നു. നിലവിലുള്ള ആശുപത്രികൾ മെച്ചപ്പെടുത്താൻ സാധ്യതയുള്ളതിനാൽ പുതിയ ആശുപത്രികൾ നിർമിക്കേണ്ട ആവശ്യമില്ലെന്നാണ് ഡോ. സുധാകർ ഷിൻഡെയുടെ നിലപാട്. ചില ആശുപത്രികളിൽ അദ്ദേഹം നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, മരുന്നുകളുടെ ദൗർലഭ്യം, വൃത്തിയില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങൾ കണ്ടെത്തിയിരുന്നു.