മറാഠി ദമ്പതികൾക്ക് ഫ്ലാറ്റ് നിഷേധിച്ചു; ഹൗസിങ് സൊസൈറ്റിക്കെതിരെ കേസ്

Mail This Article
മുംബൈ∙ മറാഠി സംസാരിക്കുന്നവരായതിനാൽ ദമ്പതികൾക്കു ഫ്ലാറ്റ് നിഷേധിച്ചെന്ന് ആരോപണത്തെ തുടർന്ന് മുളുണ്ടിലെ ഹൗസിങ് സൊസൈറ്റി ഭാരവാഹികൾക്കെതിരെ പൊലീസ് കേസെടുത്തു. തൃപ്തി ദേവ്രുഖർ എന്ന യുവതി തനിക്കും ഭർത്താവിനും ഉണ്ടായ ദുരനുഭവം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിനെ തുടർന്നാണ് നടപടി. ഗുജറാത്തി ഭാഷക്കാർ കൂടുതൽ ഉള്ള മുളുണ്ടിലെ സൊസൈറ്റിയിലെ ഭാരവാഹികളാണ് മറാഠികളെ ഫ്ലാറ്റ് വാങ്ങാൻ അനുവദിക്കില്ലെന്ന് അറിയിച്ചത്. ഇതിന്റെ നിയമവശത്തെക്കുറിച്ച് ചോദിച്ചപ്പോൾ തള്ളി പുറത്താക്കുകയായിരുന്നുവെന്നു തൃപ്തി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിഡിയോയിൽ പറയുന്നു. പൊലീസിനെ വിളിക്കാൻ ശ്രമിച്ചപ്പോൾ മൊബൈൽ ഫോൺ തട്ടിപ്പറിച്ചു.
തൃപ്തിയുടെ വിഡിയോ വൈറലായതിനെ തുടർന്ന് വിവിധ മേഖലകളിൽ നിന്നു പ്രതിഷേധം ഉയർന്നു. സംസ്ഥാന സർക്കാരിന്റെ നിസ്സംഗത കാരണമാണ് ഇത്തരം സംഭവങ്ങൾ നടക്കുന്നതെന്ന് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ നാന പഠോളെ, ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെ എന്നിവർ ആരോപിച്ചു. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) പ്രവർത്തകർ സൊസൈറ്റി ഭാരവാഹികളെ സമീപിച്ച് സംഭവത്തിൽ മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടു. സമാനമായ അനുഭവം മുൻമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ പങ്കജ മുണ്ടെയും പങ്കിട്ടു.
സർക്കാർ വസതി വിട്ട ശേഷം മുംബൈയിൽ വീടു തേടിയ തനിക്ക് മറാഠിയായതിനാൽ വീട് നിഷേധിച്ചതായി പങ്കജ പറഞ്ഞു. ഇതിനിടെ ഭാഷ, മതം, ജാതി എന്നിവയുടെ പേരിൽ ഹൗസിങ് സൊസൈറ്റികൾ ഫ്ലാറ്റ് നിഷേധിക്കുന്നത് സംസ്ഥാന സഹകരണവകുപ്പ് ഗൗരവമായി എടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷ രൂപാലി ചകങ്കർ ആവശ്യപ്പെട്ടു.