മധ്യറെയിൽവേയുടെ 7 സ്റ്റേഷനുകളിൽ വിമൻസ് പൗഡർ റൂമുകൾ വരുന്നു; മുഖം മിനുക്കിയിട്ടാവാം യാത്ര
Mail This Article
മുംബൈ∙ സ്ത്രീകൾക്കു യാത്രയ്ക്കിടെ ഫ്രെഷ് ആകാനുള്ള സൗകര്യവുമായി മധ്യറെയിൽവേയുടെ 7 സ്റ്റേഷനുകളിൽ 'വിമൻസ് പൗഡർ റൂമുകൾ' വരുന്നു. സാധാരണ പൊതുശുചിമുറികളിൽ നിന്ന് വ്യത്യസ്തമായി സുഖകരവും ശുചിത്വവുമുള്ള അന്തരീക്ഷമാണ് പൗഡർ റൂമുകളുടെ പ്രത്യേകത. സ്ത്രീകൾക്ക് ശുചിമുറി ഉപയോഗിക്കാനും കൈകഴുകാനും അത്യാവശ്യം മേക്കപ്പ് ചെയ്യാനും ഉള്ള സൗകര്യങ്ങൾ ഇവിടെയുണ്ടാകും. കുർള എൽടിടി ടെർമിനസ്, ഘാട്‌കോപ്പർ, കാഞ്ജൂർമാർഗ്, മുളുണ്ട്, താനെ, മാൻഖുർദ്, ചെമ്പൂർ എന്നീ സ്റ്റേഷനുകളിൽ രണ്ടു മാസത്തിനുള്ളിൽ തുറക്കാനാണ് ലക്ഷ്യമിടുന്നത്.
200 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള പൗഡർ റൂമിൽ 4 ശുചിമുറികൾ ഉണ്ടായിരിക്കും. വാഷ്‌ബേസിനുകൾ, കണ്ണാടികൾ എന്നിവയുണ്ടാവും. സാനിറ്ററി പാഡ്, സൗന്ദര്യവർധക വസ്തുക്കൾ, ഗിഫ്റ്റ് ഇനങ്ങൾ തുടങ്ങിയവയും ഇവിടെ വിൽപനയ്ക്കുണ്ടാകും. ഐഡന്റിറ്റി കാർഡുകളുള്ള ജീവനക്കാർ സ്വാഗതം ചെയ്യും. ശുചിമുറി ഉപയോഗിക്കാൻ ഒരാൾ 10 രൂപ നൽകണം. 365 രൂപ വാർഷിക ഫീസ് നൽകിയാൽ ഒരു വർഷക്കാലം എത്രതവണ വേണമെങ്കിലും ഉപയോഗിക്കാം. വൂലോ എന്ന സ്വകാര്യ സ്ഥാപനമാണ് പൗഡർ റൂമുകൾ ഒരുക്കുന്നതിനുള്ള കരാർ സ്വന്തമാക്കിയത്. 5 വർഷ കരാറിലൂടെ 39.48 ലക്ഷം രൂപ റെയിൽവേക്കു ലഭിക്കും. നിലവിൽ വെർസോവ-അന്ധേരി-ഘാട്കോപ്പർ മെട്രോ 1 പാതയിലെ ഘാട്കോപ്പർ സ്റ്റേഷനിൽ വൂലോവിന്റെ പൗഡർ റൂം പ്രവർത്തിക്കുന്നുണ്ട്.