‘പുലിനഖം’ തിരികെയെത്തിക്കാൻ മന്ത്രി യുകെയിലേക്ക് പുറപ്പെട്ടു

Mail This Article
മുംബൈ ∙ മറാഠ ചക്രവർത്തി ഛത്രപതി ശിവാജിയുടെ ആയുധമായിരുന്ന ‘പുലിനഖം’ യുകെയിൽ നിന്ന് ഇന്ത്യയിൽ തിരിച്ചെത്തിക്കാൻ മഹാരാഷ്ട്ര സർക്കാർ നടപടികൾ ഉൗർജിതമാക്കി. ലണ്ടനിലെ വിക്ടോറിയ മ്യൂസിയത്തിലുള്ള ആയുധം വീണ്ടെടുക്കുന്നതിനുള്ള ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാൻ മഹാരാഷ്ട്ര സാംസ്കാരിക വകുപ്പു മന്ത്രി സുധീൻ മുൻഗൻതിവാർ യുകെയിലേക്കു പുറപ്പെട്ടു.
17–ാം നൂറ്റാണ്ടിൽ ബിജാപുർ ആദിൽ ഷാഹി സാമ്രാജ്യത്തിലെ ജനറൽ അഫ്സൽ ഖാനെ വധിക്കാൻ ശിവാജി ഉപയോഗിച്ച ആയുധമാണിത്. ശിവാജിയുടെ കിരീടധാരണത്തിന്റെ 350–ാം വാർഷികത്തോട് അനുബന്ധിച്ചാണ് പുലിനഖം ലണ്ടനിൽ നിന്ന് ഇന്ത്യയിലെത്താൻ മഹാരാഷ്ട്ര സർക്കാർ ശ്രമം തുടങ്ങിയത്. ദക്ഷിണ മുംബൈയിലെ ശിവാജി മ്യൂസിയത്തിൽ ഇത് സൂക്ഷിക്കും. അതിനിടെ, ശിവാജി ഉപയോഗിച്ച പുലിനഖമാണോ ഇതെന്ന് ഉറപ്പുണ്ടോയെന്ന ചോദ്യവുമായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗവും എൻസിപിയും രംഗത്തെത്തി. ശിവാജി പുലിനഖം ഉപയോഗിച്ചിട്ടില്ലെന്ന ചില ചരിത്രകാരൻമാരുടെ കണ്ടെത്തിലും ഇവർ ഉയർത്തിക്കാട്ടുന്നു.