ചരക്ക് ട്രെയിൻ പാളം തെറ്റിയതിനാൽ ചില ട്രെയിനുകൾ റദ്ദാക്കി; ദീർഘദൂര സർവീസുകൾ വഴി തിരിച്ചുവിട്ടു; പ്രതിഷേധം

Mail This Article
മുംബൈ ∙ പൻവേലിനും കലമ്പൊളിക്കും മധ്യേ ചരക്ക് ട്രെയിൻ ശനിയാഴ്ച പാളം െതറ്റിയതിനെത്തുടർന്ന് ഒട്ടേറെ ദീർഘദൂര ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. ഏതാനും ട്രെയിനുകൾ പൂർണമായും ചിലത് ഭാഗികമായും റദ്ദാക്കി. മലയാളികളടക്കമുള്ള യാത്രക്കാർ വലഞ്ഞു. പിടിച്ചിടുകയും തിരിച്ചുവിടുകയും ചെയ്ത ട്രെയിനുകളിൽ കുടുങ്ങിയവർ വെള്ളവും ഭക്ഷണവും കിട്ടാതെ വലഞ്ഞു.
ഇന്നലത്തെ എൽടിടി–തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ് (16345) കല്യാൺ, പുണെ, മീറജ്, ലോണ്ഡ, മഡ്ഗാവ് വഴി തിരിച്ചുവിട്ടു. 30ന് പുറപ്പെട്ട ചണ്ഡീഗഢ്–മഡ്ഗാവ് ഗോവ സമ്പർക് ക്രാന്തി എക്സ്പ്രസ്, ഇന്നലത്തെ സിഎസ്എംടി–മഡ്ഗാവ് ജനശതാബ്ദി എക്സ്പ്രസ് ട്രെയിനുകളും ഇൗ വഴിയാണ് സർവീസ് നടത്തിയത്.
മുംബൈ–മംഗളൂരു പാതയിലും പല ട്രെയിനുകളുടെയും സമയം പുനഃക്രമീകരിച്ചത് യാത്രക്കാരെ ദുരിതത്തിലാക്കി. കൊങ്കണിലേക്കുളള ട്രെയിനുകൾ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്തതിൽ പ്രതിഷേധിച്ച് ദിവ സ്റ്റേഷനിൽ യാത്രക്കാർ റെയിൽവേ ട്രാക്കിൽ ഇറങ്ങി പ്രതിഷേധിച്ചു. വന്ദേ ഭാരത് ട്രെയിനിനെ കൃത്യസമയത്ത് കടത്തിവിട്ട് സാധാരണക്കാർ കൂടുതൽ ആശ്രയിക്കുന്നവ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയുമാണ് റെയിൽവേ ചെയ്തതെന്ന് പ്രതിഷേധക്കാർ കുറ്റപ്പെടുത്തി.
ഇന്നലെ റദ്ദാക്കിയ ചില ട്രെയിനുകൾ
ചിപ്ലുൺ–ദിവ മെമു മെമു, പൻവേൽ–ഖേഡ് മെമു, ഖേഡ്–പൻവേൽ മെമു, സിഎസ്എംടി–മഡ്ഗാവ് മണ്ഡോവി എക്സ്പ്രസ്, സിഎസ്എംടി–സാവന്ത്‌വാഡി സ്പെഷൽ ട്രെയിൻ, മഡ്ഗാവ്–സിഎസ്എംടി കൊങ്കൺ കന്യ, സാവന്ത്‌വാഡി–ദാദർ തുതാരി എക്സ്പ്രസ്, സാവന്ത്‌വാഡി–സിഎസ്എംടി സ്പെഷൽ ട്രെയിൻ, എൽടിടി–മഡ്ഗാവ് സ്പെഷൽ ട്രെയിൻ.