ADVERTISEMENT

മുംബൈ ∙ നഗരത്തിലെയും ലോക്കൽ ട്രെയിനുകളിലെയും തിരക്കു കുറയ്ക്കാൻ പ്രവൃത്തിസമയം പലതായി വിഭജിക്കാൻ കമ്പനികളോടും ഓഫിസുകളോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും ആവശ്യപ്പെട്ട് മധ്യറെയിൽവേ രംഗത്ത്. പ്രവൃത്തിസമയത്തിലെ മാറ്റം ആവശ്യപ്പെട്ട് 350 സ്ഥാപനങ്ങൾക്കാണ് മധ്യറെയിൽവേ കത്തെഴുതിയത്.  എല്ലാ സ്ഥാപനങ്ങളും ഓഫിസുകളും ഒരേസമയം പ്രവർത്തിക്കുമ്പോൾ ലോക്കൽ ട്രെയിനുകളിലെയും തിരക്കുകൂടുന്ന സാഹചര്യത്തിൽ പല ഷിഫ്റ്റുകൾ നടപ്പാക്കി തിരക്കു കുറയ്ക്കാനാണു നിർദേശം. 

മധ്യറെയിൽവേ മുംബൈ ഡിവിഷനിലെ ഉദ്യോഗസ്ഥരുടെ ജോലിസമയം ഇൗ മാസം ഒന്നു മുതൽ രണ്ട് ഷിഫ്റ്റുകളാക്കി മാറ്റിയിരുന്നു.  പിന്നാലെയാണ് തങ്ങളുടെ വഴിയേ ചിന്തിക്കാൻ ഇത്രയേറെ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടിരിക്കുന്നത്. രാവിലെ 9.30 മുതൽ വൈകിട്ട് 5.45 വരെയും 11.30 മുതൽ വൈകിട്ട് 7.45 വരെയും രണ്ടു ഷിഫ്റ്റുകളാണ് മധ്യറെയിൽവേ നടപ്പാക്കിയിരിക്കുന്നത്. മാസം തുടങ്ങും മുൻപ് ഷിഫ്റ്റ് ഉദ്യോഗസ്ഥർ തിരഞ്ഞെടുക്കണം. ഇടയ്ക്ക് മാറ്റാനാകില്ല. രണ്ടു സമയക്രമം കൊണ്ടുവരുന്ന ആദ്യത്തെ കേന്ദ്രസർക്കാർ സ്ഥാപനമാണ് മധ്യറെയിൽവേ. 

കഴിഞ്ഞ 7 വർഷത്തിനിടെ 150ൽ അധികം ലോക്കൽ ട്രെയിനുകൾ പുതിയതായി സർവീസ് ആരംഭിച്ചിട്ടും തിരക്കു കുറഞ്ഞില്ലെന്ന് റെയിൽവേ ഉന്നത ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു. കുടിയേറ്റവും യാത്രക്കാരുടെ എണ്ണവും  വർധിക്കവേ ജോലിസമയം വിഭജിക്കുന്നതടക്കമുള്ള പുതിയ വഴികൾ തേടേണ്ടതുണ്ടെന്നും മധ്യ റെയിൽവേ ജനറൽ മാനേജർ രജനീഷ് കുമാർ ഗോയൽ പറഞ്ഞു. 

തിരക്കു കുറച്ചാൽ ലോക്കൽ ട്രെയിനിൽ നിന്നു വീണും മറ്റുമുണ്ടാകുന്ന അപകടങ്ങളും മരണങ്ങളും കുറയ്ക്കാനാകുമെന്നാണ് മധ്യറെയിൽവേ പറയുന്നത്. നിർദേശം കമ്പനികളും സ്വകാര്യ സ്ഥാപനങ്ങളും കോർപറേറ്റ് ഓഫിസുകളും ഏറ്റെടുത്താൽ പുതിയ തൊഴിൽ സംസ്കാരത്തിനായിരിക്കും തുടക്കമാവുക. നിലവിൽ രാവിലെയും വൈകിട്ടും ലോക്കൽ ട്രെയിനുകളിൽ തിക്കിത്തിരക്കിയാണ്  പലരുടെയും യാത്ര. എന്നാൽ, രാവിലെ 9.30 മുതൽ വൈകിട്ട് 4.30 വരെ യാത്രക്കാർ കുറവാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT