വസായ്- വിരാർ മേഖല ശുദ്ധജല സമൃദ്ധിയിലേക്ക്; ഉദ്ഘാടനമില്ല, ഉദിച്ചു ‘സൂര്യ’
Mail This Article
മുംബൈ ∙ ഉദ്ഘാടനത്തിനു കാത്തുനിൽക്കാതെ, മുംബൈ മെട്രോപ്പൊലിറ്റൻ റീജൻ ഡവലപ്മെന്റ് അതോറിറ്റി (എംഎംആർഡിഎ) സൂര്യ ഡാമിൽ നിന്ന് വസായ്- വിരാർ മുനിസിപ്പൽ കോർപറേഷനിലേക്ക് (വിവിഎംസി) ശുദ്ധജല വിതരണം ആരംഭിച്ചു. വസായ്- വിരാർ മേഖലയിലേക്കുള്ള ശുദ്ധജലവിതരണം പ്രതിദിനം 85 ദശലക്ഷം ലീറ്ററിൽ നിന്ന് 185 ദശലക്ഷം ലീറ്റർ ആയി വർധിപ്പിക്കുന്നതാണ് പദ്ധതി. 100 ദശലക്ഷം ലീറ്റർ ആണ് അധികം ലഭിക്കുക. മേഖലയിലെ ശുദ്ധജല ക്ഷാമത്തിനു വലിയ ആശ്വാസം പകരുന്നതാണു പദ്ധതി. അതേസമയം ജലവിതരണം ആരംഭിച്ചെങ്കിലും മുഴുവൻ ശേഷിയായ 185 ദശലക്ഷം ലീറ്ററിലെത്താൻ ഒന്നോ രണ്ടോ മാസമെടുത്തേക്കും.
കാത്തിരിപ്പിനൊടുവിൽ
സൂര്യ ഡാം പദ്ധതിയുടെ നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിട്ടും ഉദ്ഘാടനം വൈകുന്നതിൽ ജനരോഷം ഉയർന്നിരുന്നു. ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തിരിക്കുകയായിരുന്നു സംസ്ഥാന സർക്കാർ എന്നായിരുന്നു ശ്രുതി. എന്നാൽ മഴ മാറി മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമായതോടെ, ഗത്യന്തരമില്ലാതെ അവസ്ഥയിലായ എംഎംആർഡിഎ ജലവിതരണം ആരംഭിക്കുകയായിരുന്നു.
സംസ്ഥാനത്ത് പൂർത്തിയായ ഒട്ടേറെ പദ്ധതികൾ ഉദ്ഘാടകനെ കാത്തുകഴിയുന്നുണ്ട്. നിർമാണം പൂർത്തിയായ ഖാർകോപ്പർ (ഉൾവെ)- ഉറൺ പാതയാണ് ഇതിൽ ഒന്ന്. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് പ്രധാനമന്ത്രിയെ കൊണ്ടുവന്ന് ഉദ്ഘാടനം ചെയ്യിക്കാനുള്ള ഭരണകക്ഷികളുടെ താൽപര്യമാണ് ഉദ്ഘാടനം നീളുന്നതിനു പിന്നിലെന്നാണ് അഭ്യൂഹം.
നവിമുംബൈ മെട്രോയുടെ 11.1 കിലോമീറ്റർ വരുന്ന ഒന്നാംഘട്ട പാത ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങുകൾ ഇല്ലാതെ വെള്ളിയാഴ്ച തുറന്നുകൊടുത്തിരുന്നു. അതേസമയം, ലോവർ പരേലിൽ ഉദ്ഘാടനം കാത്തുകഴിയുന്ന പാലം കഴിഞ്ഞയാഴ്ച ജനങ്ങൾക്ക് തുറന്നു കൊടുത്തതിനു ശിവസേന ഉദ്ധവ് വിഭാഗം നേതാവ് ആദിത്യ താക്കറെയ്ക്കെതിരെ ബിഎംസിയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രതീക്ഷകളേറെ
വസായ്- വിരാർ മേഖലയിലെ റിയൽ എസ്റ്റേറ്റ് മേഖലയ്ക്കും സൂര്യ ഡാം പദ്ധതി ഉണർവ് പകർന്നേക്കും. മഹാരാഷ്ട്ര ഹൗസിങ് ആൻഡ് ഏരിയ ഡവലപ്‌മെന്റ് അതോറിറ്റി( മാഡ) വിരാർ- ബൊളിഞ്ച് മേഖലയിൽ നിർമിച്ച 2,200 ഫ്ലാറ്റുകൾ വാങ്ങാനാളില്ലാതായത് വാർത്തയായിരുന്നു.
മേഖലയിലെ ശുദ്ധജലക്ഷാമവും ഇതിനു കാരണമാണ്. സൂര്യ ഡാം പദ്ധതിയിൽ നിന്നുള്ള ജലവിതരണം വിരാർ- ബൊളിഞ്ച് മേഖലയിലേക്കും എത്തുന്നതിനാൽ ഈ ഫ്ലാറ്റുകളും ഇനി എളുപ്പം വിറ്റുപോവും എന്ന പ്രതീക്ഷയിലാണ് അധികൃതർ. ഫ്ലാറ്റുകൾക്കുള്ള അപേക്ഷകൾ സ്വീകരിക്കുന്നുണ്ടെന്ന് മാഡ വൃത്തങ്ങൾ അറിയിച്ചു.