തെങ്ങോളം തലപ്പൊക്കത്തിൽ മറുനാടൻ മലയാളി!

Mail This Article
മുംബൈ ∙ തലയിൽ തേങ്ങ വീഴാതെ നഗരവാസികളെ സുരക്ഷിതരാക്കുന്ന മലയാളിയാണ് കുറ്റിപ്പുറത്ത് നിന്നുള്ള മുഹമ്മദ് റാഫി. മുംബൈ കോർപറേഷനു (ബിഎംസി) കീഴിലുള്ള സ്ഥലങ്ങളിൽ തലയുയർത്തി നിൽക്കുന്ന തെങ്ങുകളിൽ കയറുന്ന കരാറുകാരിലൊരാൾ. നഗരത്തിൽ ഇളനീർ കച്ചവടം നടത്തുന്ന മുഹമ്മദ് കഴിഞ്ഞ 12 വർഷമായി ബിഎംസിയുടെ ഉടമസ്ഥതയിലുള്ള തെങ്ങുകളിൽ കയറുന്നുണ്ട്. മുൻപ് അനുജൻ അക്ബർ അലിയും ഒപ്പമുണ്ടായിരുന്നെങ്കിലും തെങ്ങുകളും തേങ്ങ ഉൽപാദനവും കുറഞ്ഞതോടെ അലി നാട്ടിലേക്കു വണ്ടികയറി. കൂലിക്ക് ആളെ വച്ചാൽ മുതലാകില്ലെന്നതിനാലാണ് താൻ തന്നെ തെങ്ങിൽ കയറുന്നതെന്ന് റാഫി പറയുന്നു.
നഗരത്തിന്റെ പല കോണുകളിലും കാണാം കേരവൃക്ഷങ്ങൾ. ഒരു കാലത്ത് മെച്ചപ്പെട്ട രീതിയിൽ ഇളനീർ ലഭിച്ചിരുന്നെങ്കിൽ കാലക്രമത്തിൽ വിളവു കുറഞ്ഞു. ഇപ്പോൾ നഗരവാസികളുടെ തലയിൽ തേങ്ങയും മടലും വീഴാതിരിക്കാനാണ് തെങ്ങുകയറ്റക്കാരെ കരാർ അടിസ്ഥാനത്തിൽ വിളിക്കുന്നതെന്നു പറഞ്ഞാലും തെറ്റില്ല. 35 വർഷത്തിലേറെയായി മുഹമ്മദ് റാഫി മുംബൈയിലെത്തിയിട്ട്. പല ജോലികൾ ചെയ്തതിന് ഒടുവിലാണ് തെങ്ങുകയറ്റത്തിലും ഒരു കൈ നോക്കാമെന്ന് വിചാരിച്ചത്.
ബിഎംസിയുടെ കരാർ പിടിച്ച് നാട്ടിൽ നിന്ന് തെങ്ങുകയറ്റക്കാരെ എത്തിച്ചാണ് തേങ്ങയിട്ടിരുന്നത്. ജനസഞ്ചാരമുള്ള മേഖലകളിൽ ആളുകളുടെ തലയിൽ വീഴാതെ വേണം തേങ്ങയും മടലും വെട്ടിയിടാൻ എന്നതിനാൽ പലരും പിൻവാങ്ങി. അങ്ങനെയാണ് മുഹമ്മദ് റാഫി തന്നെ തെങ്ങുകയറ്റത്തിൽ സജീവമായത്.
‘നാട്ടിൽ തേങ്ങയിടുന്നതിനേക്കാൾ അപകടമാണ് ഇവിടെ പതിയിരിക്കുന്നത്. നമ്മൾ തെങ്ങിന് മുകളിലിരിക്കുമ്പോഴായിരിക്കും തൊട്ടടിയിലൂടെ കാർ പോകുന്നത്. കൈ തെറ്റിയാൽ അപകടമുണ്ടാകും. ഓരോ തേങ്ങയും സൂക്ഷിച്ച് താഴെയിറക്കണം. ഒരു തെങ്ങ് കയറിയിറങ്ങാൻ കുറഞ്ഞത് മുക്കാൽ മണിക്കൂർ വേണ്ടി വരുമെന്നതിനാൽ ആരും അതിന് മെനക്കെടാറില്ല. നമ്മുടെ 4 കടകളിൽ വിൽക്കുന്നതു മൈസൂരിൽ നിന്നും പാൽഘറിൽ നിന്നും എത്തിക്കുന്ന കരിക്കുകളാണ്. നഗരത്തിലെ മൊത്തം തെങ്ങിൽ കയറിയാലും മുംബൈയ്ക്ക് ആവശ്യമുള്ള കരിക്ക് ലഭിക്കില്ല’– റാഫി പറഞ്ഞു.
തേങ്ങയിടാൻ ഏജൻസിയെ ക്ഷണിച്ച് ബിഎംസി
തേങ്ങ വീഴുന്നത് കൊണ്ടുള്ള അപകടങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് തേങ്ങയിടുന്നത് ബിഎംസി ഏജൻസിയെ ഏൽപിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തെങ്ങുകൾ അടുത്ത 3 വർഷത്തേക്കു കരാറിൽ നൽകാനാണ് തീരുമാനം. പരിചയസമ്പന്നരായ ആളുകൾക്കു കരാർ നൽകുമെന്ന് അധികൃതർ പറഞ്ഞു.