ഫ്ലാറ്റ് വിൽപന; നഗരഹൃദയത്തിൽ തന്നെ കൂടുകൂട്ടുന്നവരേറെ
Mail This Article
മുംബൈ ∙ നഗരത്തിലെ ഫ്ലാറ്റ് വിൽപനയിൽ മുൻ സാമ്പത്തിക വർഷത്തേക്കാൾ വർധിച്ചു. കഴിഞ്ഞ മാസം 14,411 റജിസ്ട്രേഷനുകളാണ് നടന്നത്. മുൻകാലങ്ങളിൽ നഗരത്തിനു പുറത്ത് വീട് വാങ്ങുകയും ജോലിക്കായി നഗരത്തിലേക്ക് യാത്ര ചെയ്യുകയുമായിരുന്നു പതിവ്. എന്നാലിപ്പോൾ നഗരത്തിനുള്ളിൽ തന്നെ താമസിക്കാനാണ് പലരും താൽപര്യപ്പെടുന്നത്. ജോലി സ്ഥലത്തേക്ക് പെട്ടെന്ന് എത്താനാകണമെന്ന ആഗ്രഹമാണ് അതിനായി പ്രേരിപ്പിക്കുന്നത്.
ജനുവരി–മാർച്ച് വിൽപന
500 ചതുരശ്രയടിക്കും 1,000 ചതുരശ്രയടിക്കും ഇടയിലുള്ള ഫ്ലാറ്റുകളാണ് വിൽക്കപ്പെടുന്നതിൽ ഏറെയുമെന്ന് റിയൽ എസ്റ്റേറ്റ് രംഗത്തെ പ്രമുഖർ പറയുന്നു. മിക്കവർക്കും ഫ്ലാറ്റിൽ ഓഫിസ് റൂം വേണമെന്ന നിർബന്ധവുമുണ്ട്. അല്ലെങ്കിൽ 2 ബെഡ്റൂം ഫ്ലാറ്റിൽ ഒരു മുറി ജോലി ആവശ്യങ്ങൾക്കായി ഉപയോഗിക്കും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ ഇത്തരം ഫ്ലാറ്റുകളുടെ വിൽപനയിൽ 15% വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇത്തരം ഫ്ലാറ്റുകൾ വാങ്ങുന്നതിലേറെയും കോർപറേറ്റ് സ്ഥാപനങ്ങളിൽ വൻ ശമ്പളത്തിന് ജോലി െചയ്യുന്നവരും ബിസിനസുകാരുമാണ്. ഐടി, ബാങ്കിങ് മേഖലയിലെ ഉന്നത ഉദ്യോഗസ്ഥരും മൂന്നും നാലും കോടി രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങുന്നവരിൽ ഉൾപ്പെടും.
വികസനവും കരുത്തായി
കോവിഡിന് ശേഷം മന്ദഗതിയിലായിരുന്ന നഗരത്തിലെ റിയൽ എസ്റ്റേറ്റ് രംഗം ഇപ്പോൾ സജീവമാകുന്നതായി കെട്ടിടനിർമാണ മേഖലയിലുള്ളവരും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവിടെ വീടുകൾ സ്വന്തമാക്കാനുള്ള താൽപര്യം കൂട്ടുന്നതിൽ നഗരവികസനവും പ്രധാന പങ്കുവഹിക്കുന്നുണ്ട്.
തീരദേശ റോഡ് ആദ്യഘട്ടത്തിന്റെ ഉദ്ഘാടനവും ഉടൻ ആരംഭിക്കുന്ന മെട്രോ മൂന്നും ഉൾപ്പെടെ അടിസ്ഥാനസൗകര്യ മേഖലയിൽ നടക്കുന്ന വികസനങ്ങൾ റിയൽ എസ്റ്റേറ്റ് രംഗത്ത് വലിയ ചലനമാണ് സൃഷ്ടിക്കുന്നത്. ബാന്ദ്ര–കുർള കോംപ്ലക്സിലേക്ക് വൻതോതിൽ ഓഫിസുകൾ മാറിയതോടെ അവിടേക്ക് എളുപ്പമെത്താൻ പറ്റുന്ന സ്ഥലങ്ങളിൽ ഫ്ലാറ്റ് വാങ്ങുന്നവരുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് റിയൽ എസ്റ്റേറ്റ് ഏജന്റുമാർ പറയുന്നു.