ADVERTISEMENT

മുംബൈ ∙ കടുത്ത ചൂടിൽ വെന്തുരുകിയുള്ള കാത്തിരിപ്പിനൊടുവിൽ മുംബൈയിൽ കാലവർഷമെത്തി. മൺസൂണിലെ ആദ്യദിനത്തിൽ,  ഇന്നലെ നഗരത്തിലും വിവിധ ജില്ലകളിലും കനത്ത മഴ പെയ്തു. മുംബൈ–അഹമ്മദാബാദ് ദേശീയപാതയിൽ റോഡ് ഇടിഞ്ഞുതാഴ്ന്നതിനെത്തുടർന്ന് രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇൗ മാസം 11ന് മുംബൈയിൽ കാലവർഷമെത്തുമെന്നാണ് പ്രവചിച്ചിരുന്നതെങ്കിലും രണ്ടു ദിവസം മുൻപേ മൺസൂൺ എത്തിയെന്ന് കാലാവസ്ഥാ വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു. മഴ നേരത്തെയായത് വെന്തുരുകുന്ന ചൂടിൽ നഗരവാസികൾക്ക് ആശ്വാസമായി. കേരളത്തിൽ മൺസൂൺ എത്തി പത്തു ദിവസത്തിനു ശേഷം മുംബൈയിൽ കാലവർഷം തുടങ്ങുകയാണു പതിവ്. താനെ, റായ്ഗഡ്, സത്താറ, നാസിക്, ഒൗറംഗാബാദ്, അഹമ്മദ്നഗർ, ജൽഗാവ് എന്നിവിടങ്ങളിലും മെച്ചപ്പെട്ട മഴ ലഭിച്ചു. 

കന്നിമഴയിൽ റോഡ് തോടുകളായി
മുംബൈ∙ ഇടിമിന്നലിന്റെ അകമ്പടിയോടെ എത്തിയ കന്നിമഴയിൽ പലയിടങ്ങളിലും റോഡുകൾ തോടുകളായി. മുംബൈ–അഹമ്മദാബാദ് ദേശീയപാതയിൽ പാൽഘറിലെ മാൽജിപാഡയിൽ റോഡ് ഇടിഞ്ഞതിനെത്തുടർന്ന് കടുത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്. പൈപ്പ്‌ലൈനിന്റെ അറ്റകുറ്റപ്പണി നടക്കുന്ന മേഖലയിലാണ് റോഡ് ഇടിഞ്ഞത്. രാവിലെ 7.30 മുതൽ രണ്ടു മണിക്കൂറോളം ഗതാഗതം മുടങ്ങി. തിരക്കേറിയ ദേശീയപാതയിൽ നൂറുകണക്കിനു വാഹനങ്ങളാണ് ഗതാഗതക്കുരുക്കിൽപ്പെട്ടു. വാഹനങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം കുടുങ്ങി.ഇന്നലെ പുലർച്ചെ മുതൽ രണ്ടര മുതൽ പലയിടങ്ങളിലും മഴ പെയ്തു. ആഞ്ഞടിച്ച കാറ്റിൽ ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി. അടിയന്തര നടപടിക്കായി സന്ദേശം നൽകിയിട്ടും പൊലീസോ, മറ്റ് സർക്കാർ ഏജൻസികളോ സഹായത്തിനെത്തിയില്ലെന്ന് ദേശീയപാതയ്ക്കരികിലെ ധാബ ഉടമയായ മലയാളി കമൽ പറഞ്ഞു.

ആധുനിക കൺട്രോൾ റൂമുമായി മെട്രോ
മുംബൈ∙ മഴക്കാലത്ത് മെട്രോ ട്രെയിൻ, മോണോ റെയിൽ യാത്രക്കാർക്ക് ഉണ്ടാകാവുന്ന അസൗകര്യങ്ങൾ ഒഴിവാക്കാനും തടസ്സമില്ലാതെ സർവീസ് നടത്താനും ഉപകരിക്കുന്ന ആധുനിക കൺട്രോൾ റൂം 10 സ്റ്റേഷനുകളിൽ സ്ഥാപിച്ചു. കൺട്രോൾ റൂം പ്രവർത്തിപ്പിക്കാനും യാത്രക്കാർക്ക് യഥാസമയം വിവരങ്ങൾ നൽകാനുമായി പ്രഫഷനലുകളെയും നിയോഗിച്ചു.ബിഎംസിയുടെ ദുരന്തനിവാരണ വകുപ്പുമാണ് സഹകരിച്ചാകും പ്രവർത്തിക്കുക. അടിയന്തര ഘട്ടങ്ങളിൽ പെട്ടെന്ന് സഹായമെത്തിക്കും. വർഷകാലത്ത് ആവശ്യമെങ്കിൽ കൂടുതൽ സർവീസുകൾ നടത്തും. അന്വേഷണത്തിനും സഹായങ്ങൾക്കും  യാത്രക്കാർക്ക് ബന്ധപ്പെടാൻ ഹെൽപ് ലൈൻ നമ്പരും ലഭ്യമാണ്. കാറ്റിന്റെ ഗതിയും വേഗവും മനസ്സിലാക്കാൻ കൺട്രോൾ റൂമിൽ പ്രത്യേക സംവിധാനമുണ്ട്.

മെട്രോ സർവീസിന് അനുകൂല കാലാവസ്ഥയല്ലെങ്കിൽ കൺട്രോൾ റൂം മുന്നറിയിപ്പു നൽകും. യാത്രക്കാരുടെ സുരക്ഷയെക്കരുതി ഓരോ സ്റ്റേഷനുകളിലും 64 സിസിടിവി ക്യാമറകൾ അധികം സ്ഥാപിച്ചു. ഇതിൽ ശേഖരിക്കുന്ന വിവരങ്ങൾ കൺട്രോൾ റൂമിലേക്ക് എത്തും.  സുരക്ഷയുടെ ഭാഗമായി ട്രെയിനുകളിലും റെയിലുകളിലും സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലും പരിശോധന പൂർത്തിയാക്കി.  ചാർക്കോപ്പ്, വഡാല ഡിപ്പോകളിൽ ട്രെയിനുകൾക്ക് ആവശ്യമായ അറ്റകുറ്റപ്പണികൾക്കുള്ള ഉപകരണങ്ങൾ സ്റ്റോക് ചെയ്തിട്ടുണ്ടെന്നും മെട്രോപ്പൊലിറ്റൻ കമ്മിഷണർ ഡോ. സ‍ഞ്ജയ് മുഖർജി പറഞ്ഞു. തടസ്സമില്ലാതെ സർവീസ് നടത്താൻ ഈ സൗകര്യങ്ങൾ ഉപകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഹെൽപ്‌ലൈൻ
∙ മുംബൈ മെട്രോ ഹെൽപ്‌ലൈൻ: 1800 889 0505, 18008890808.  
∙ മോണോ റെയിൽ ഹെൽപ് ലൈൻ: 8452905434.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com