ഡെങ്കി, മലേറിയ: ചെറുക്കാൻ പ്രത്യേക കർമപദ്ധതി; ഉയർത്തണം പ്രതിരോധക്കോട്ട

Mail This Article
മുംബൈ ∙ ഡെങ്കിപ്പനി, മലേറിയ എന്നിവയെ നേരിടാൻ പ്രത്യേക യജ്ഞം നടത്താൻ ബിഎംസി ഒരുങ്ങുന്നു. മഴക്കാലത്തിന് മുൻപേ രോഗികളുടെ എണ്ണം വർധിച്ചതോടെയാണ് പ്രത്യേക കർമപദ്ധതിയുമായി ബിഎംസി ആരോഗ്യവിഭാഗം രംഗത്തെത്തിയിരിക്കുന്നത്. കൂടുതൽ രോഗികളുള്ള വാർഡുകൾ കേന്ദ്രീകരിച്ച് സർവേകൾ തയാറാക്കിയിട്ടുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് മലേറിയ കേസുകളിൽ 35% വർധനയുണ്ടെന്ന് അധികൃതർ പറഞ്ഞു.കൂടുതൽ രോഗികളുള്ള പ്രദേശങ്ങളിലെ കൊതുക് പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തി നശിപ്പിക്കും. അതിന്റെ ചുമതല ശുചീകരണ വിഭാഗത്തിന് നൽകിയിട്ടുണ്ട്.
ഡെങ്കിപ്പനി, ജലജന്യ രോഗങ്ങൾ എന്നിവ വർധിക്കുന്ന സാഹചര്യത്തിൽ വാർഡുകളും ഹൗസിങ് സൊസൈറ്റികളും കേന്ദ്രീകരിച്ച്, സന്നദ്ധസംഘടനകളുടെ സഹായത്തോടെ ബോധവൽക്കരണ പരിപാടികൾ നടത്തും. അതിനായി, വിവിധ ആശുപത്രികളിൽ നിന്നും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്നുമുള്ള ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെ 500 പേർക്ക് പ്രത്യേക പരിശീലം നൽകി. മെഡിക്കൽ ഓഫിസർമാരും അസിസ്റ്റന്റ് ഹെൽത്ത് ഇൻസ്പെക്ടർമാരും യോഗത്തിൽ പങ്കെടുത്തു.
ജനങ്ങളുടെ കൂടി സഹകരണമുണ്ടെങ്കിൽ മാത്രമേ രോഗപ്രതിരോധം സാധിക്കൂ. വീടുകളിലും ജോലിസ്ഥലങ്ങളിലും വ്യാപാരസ്ഥാപനങ്ങളിലും കാണുന്ന കൊതുക് പ്രജനന കേന്ദ്രങ്ങൾ നശിപ്പിക്കാൻ ജനം മുൻകയ്യെടുക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു. ഡെങ്കിപ്പനി പടർത്തുന്ന ഈഡിസ് കൊതുകുകൾ ശുദ്ധജലത്തിലും മലേറിയ പരത്തുന്ന അനോഫിലിസ് കൊതുകുകൾ മലിനജലത്തിലുമാണ് വളരുന്നത്.
മറക്കാതെ കരുതലുറപ്പാക്കാം
∙ ഫ്ലാറ്റിനുള്ളിലെ ചെടിച്ചട്ടികളിലും ഓഫിസ് റൂമിലെ ടേബിളിൽ വയ്ക്കുന്ന ചെടിച്ചട്ടികളിലും വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക.
∙ ടെറസിൽ വെള്ളം കെട്ടിനിൽക്കാതിരിക്കാൻ ഹൗസിങ് സൊസൈറ്റികൾ സജ്ജീകരണം ഒരുക്കുക.
∙ മാലിന്യങ്ങൾ കൃത്യമായി സംസ്കരിക്കുക.
∙ ഫ്ലാറ്റിലും പുറത്തും വെള്ളം ശേഖരിച്ച് വയ്ക്കുന്ന പാത്രങ്ങൾ മൂടിവയ്ക്കുക.
∙ റഫ്രിജറേറ്ററിന് പിന്നിലുള്ള ട്രേയിൽ വെള്ളം കെട്ടിനിൽക്കുന്നില്ലെന്ന് ഉറപ്പാക്കുക.