സിഗ്നൽ തകരാർ; വീണ്ടും വൈകിയോടി ലോക്കലുകൾ

Mail This Article
മുംബൈ ∙ വിക്രോളി സ്റ്റേഷന് സമീപം സിഗ്നൽ പ്രശ്നത്തെത്തുടർന്ന് ലോക്കൽ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. രാവിലത്തെ സിഗ്നൽ തകരാർ കാരണം 20 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ വൈകിയാണ് മിക്ക ട്രെയിനുകളും ഓടിയത്. ഫാസ്റ്റ് ട്രെയിനുകൾ പോകുന്ന പാതയിലാണ് സിഗ്നൽ പ്രശ്നമുണ്ടായത്. തുടർന്ന്, ഒട്ടേറെപ്പേർ ട്രെയിനുകളിൽ നിന്ന് പുറത്തിറങ്ങി ട്രാക്കിലൂടെ നടക്കുകയും ടാക്സി വിളിച്ച് ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുകയും ചെയ്തിരുന്നു.
ഇന്നലെ രാവിലെ ഹാർബർ ലൈനിലും ട്രെയിനുകൾ വൈകി. വഡാലയ്ക്കും സിഎസ്എംടിക്കും ഇടയിലും സിഗ്നൽ പ്രശ്നങ്ങൾ ഉണ്ടായതാണ് ട്രെയിനുകൾ വൈകാൻ കാരണമായത്. പിന്നാലെ ഉച്ചസമയത്തെ ഏതാനും ട്രെയിനുകൾ റദ്ദാക്കുകയും ചെയ്തു. ലോക്കൽ ട്രെയിനുകൾ വൈകുന്നതു പതിവായതോടെ യാത്രക്കാരുടെ പ്രതിഷേധവും ശക്തമായിട്ടുണ്ട്. ‘വൈകിയോടുന്നതിൽ മധ്യറെയിൽവേ ഇന്നും കൃത്യത പാലിച്ചു’ എന്നാണ് ഒരു യാത്രികൻ എക്സിൽ കുറിച്ചത്. ആഴ്ചകളായി മിക്ക ദിവസവും ലോക്കൽ ട്രെയിനുകൾ വൈകുന്നുണ്ട്. സർവീസുകളെ വിശ്വസിച്ച് യാത്ര ആസൂത്രണം ചെയ്യാൻ പറ്റാത്ത സ്ഥിതിയിലേക്കു കാര്യങ്ങൾ പോകുകയാണെന്ന പരാതിയും ഉയരുന്നുണ്ട്.