കയ്യേറ്റമെന്ന് അറിയാതെ പാർപ്പിടം വാങ്ങിയവർക്ക് ഒഴിപ്പിക്കൽ നോട്ടിസ്; വസായിൽ പ്രതിഷേധം

Mail This Article
വസായ് ∙ നാലസൊപാര ലിങ്ക്റോഡിന് സമീപം അഗർവാൾ നഗറിൽ അനധികൃതമായി നിർമിച്ച 41 കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനും താമസക്കാരെ ഒഴിപ്പിക്കാനും ഹൈക്കോടതി ഉത്തരവിട്ടതിനു പിന്നാലെ താമസക്കാർ പ്രതിഷേധവുമായി രംഗത്തെത്തി.
24 മണിക്കൂറിനകം ഒഴിയണമെന്നാണ് വസായ്–വിരാർ മുനിസിപ്പൽ കോർപറേഷൻ (വിവിഎംസി) നോട്ടിസിലുള്ളത്. എന്നാൽ, പ്രതിഷേധം ശക്തമായതോടെ, മഴക്കാലത്ത് താമസക്കാരെ ഒഴിപ്പിക്കില്ലെന്ന് വിവിഎംസി കമ്മിഷണർ അനിൽ പവാർ ഉറപ്പുനൽകി.
മാലിന്യ സംസ്കരണത്തിനായി സംവരണം ചെയ്ത 30 ഏക്കർ ഭൂമിയും സ്വകാര്യ വ്യക്തിയുടെ സ്ഥലവും 18 വർഷം മുൻപ് കയ്യേറിയ മുൻ മുനിസിപ്പൽ കൗൺസിലർ സീതാറാം ഗുപ്തയും കൂട്ടരുമാണ് പ്രദേശത്ത് 41 കെട്ടിടങ്ങൾ നിർമിച്ചത്. അനധികൃത നിർമാണത്തിനെതിരെ സ്വകാര്യ വ്യക്തി നൽകിയ ഹർജിയെ തുടർന്ന്, കഴിഞ്ഞ ദിവസമാണ് ഹൈക്കോടതി അവ പൊളിച്ചുമാറ്റാൻ ഉത്തരവിട്ടത്.
സീതാറാം ഗുപ്തയും കൂട്ടുപ്രതികളും അറസ്റ്റിലാണ്. എന്നാൽ, അനധികൃതമായി പണിതാണെന്ന് അറിയാതെ, സമ്പാദ്യം മുഴുവൻ ചെലവിട്ട് 15 വർഷം മുൻപ് ഇവിടെ വീടുകൾ വാങ്ങിയവർ, നോട്ടിസ് ലഭിച്ചതോടെ പരിഭ്രാന്തിയിലായി. തലചായ്ക്കാൻ മറ്റൊരിടം ഉടൻ കണ്ടെത്താൻ കെൽപില്ലാത്തവരാണ് മിക്ക താമസക്കാരും.
41 കെട്ടിടങ്ങളിലെ ആറായിരത്തോളം താമസക്കാർ, വിവിധ രാഷ്ട്രീയ നേതാക്കളുടെ പിന്തുണയോടെ വിവിഎംസിയുടെ വിരാർ മുഖ്യകാര്യാലയത്തിനു മുന്നിലാണ് കോരിച്ചൊരിയുന്ന മഴയത്ത് ധർണ നടത്തിയത്. വിവിഎംസി അഭിഭാഷകൻ കോടതിയെ സമീപിച്ചതിനെ തുടർന്ന് സെപ്റ്റംബർ 30 വരെ ഒഴിപ്പിക്കൽ നിർത്തിവയ്ക്കാൻ കോടതി നിർദേശിച്ചെങ്കിലും തങ്ങളുടെ ജീവിതസമ്പാദ്യം ഉപയോഗിച്ച് വാങ്ങിയ വീടുകൾ വിട്ട് എങ്ങോട്ടു പോകുമെന്നാണ് വീട്ടുടമകൾ ചോദിക്കുന്നത്.