1800 ഒഴിവുകൾ; ജോലിയുടെ അഭിമുഖത്തിന് ഒരു കിലോമീറ്റർ ക്യൂവിൽ 25,000 യുവാക്കൾ!
Mail This Article
മുംൈബ∙ എയർ ഇന്ത്യ എയർപോർട്ട് സർവീസസ് വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിലുളള തസ്തികകളിലേക്ക് അഭിമുഖത്തിനായി തടിച്ചുകൂടിയത് ആയിരക്കണക്കിനു യുവാക്കൾ. ഉദ്യോഗാർഥികളുടെ തിക്കും തിരക്കും അപകടത്തിലേക്കു നയിക്കുമെന്ന സാഹചര്യം വന്നതോടെ അപേക്ഷാഫോം വാങ്ങിവച്ച് അധികൃതർ അഭിമുഖം മാറ്റിവച്ചു. ഹാൻഡിമാൻ, യൂട്ടിലിറ്റി ഏജന്റ് എന്ന് തസ്തികകളിലെ 1800 ഒഴിവുകളിലാണ് അഭിമുഖം നിശ്ചയിച്ചിരുന്നത്. എന്നാൽ കലീനയിലെ ഓഫിസിന് മുന്നിൽ ഏതാണ്ട് 25,000 യുവാക്കളാണ് എത്തിയത്. ഉദ്യോഗാർഥികൾ ഓഫിസിന് മുന്നിലെത്താൻ വാഹനങ്ങളുടെ മുകളിലൂടെ ചാടി ഓടുന്ന ദൃശ്യങ്ങളും പുറത്തുവന്നു. 23 വയസ്സിൽ താഴെയുള്ള പത്താംക്ലാസ് പാസായവരെയാണ് ജോലിക്കു ക്ഷണിച്ചിരുന്നത്. 22,530 രൂപയായിരുന്നു ശമ്പള വാഗ്ദാനം.
ഒരു കിലോമീറ്റർ ദൂരത്തിൽ യുവാക്കളുടെ നിര നീണ്ടു. അപേക്ഷയും ബയോ ഡേറ്റയും പരിശോധിച്ച ശേഷം ഘട്ടം ഘട്ടമായി അഭിമുഖത്തിനു വിളിക്കാമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഉദ്യോഗാർഥികൾ പിരിഞ്ഞുപോയത്. 400 കിലോമീറ്റർ അകലെയുള്ള, ഉൾഗ്രാമങ്ങളിൽ നിന്നുവരെ യുവാക്കൾ എത്തിയിരുന്നു. രാജ്യത്തെ തൊഴിലില്ലായ്മയാണ് വ്യക്തമാകുന്നതെന്നും 10 വർഷത്തെ മോദി ഭരണം രാജ്യത്തെ പിന്നോട്ടടിച്ചെന്നും കോൺഗ്രസ് മുംബൈ ഘടകം അധ്യക്ഷയും മുംബൈ നോർത്ത് സെൻട്രൽ എംപിയുമായ വർഷ ഗായ്ക്‌വാഡ് ആരോപിച്ചു.
റഷ്യയിലും യുക്രെയിനിലും യുദ്ധത്തിനു പോകാൻ വരെ യുവാക്കൾ സന്നദ്ധരാകുന്ന സാഹചര്യമാണെന്നും കുറ്റപ്പെടുത്തി. എന്നാൽ, എയർ ഇന്ത്യ അധികൃതരുടെ പിടിപ്പുകേടാണ് ഇത്രയേറെ ആളുകൾ എത്താൻ കാരണമെന്ന് ബിജെപി ആരോപിച്ചു. അടുത്തിടെ ഗുജറാത്തിൽ 40 തസ്തികകളിലെ അഭിമുഖത്തിന് ആയിരത്തിലേറെപ്പേർ എത്തിയതും ചർച്ചയായിരുന്നു.