നഗരയാത്ര ബെസ്റ്റ് ബസുകൾ കുറയുന്നു നല്ല ബെസ്റ്റ് അവഗണന

Mail This Article
മുംബൈ∙ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കോടികൾ ചെലവാക്കുന്ന സർക്കാർ ബെസ്റ്റ് ബസ് സർവീസുകൾ മെച്ചപ്പെടുത്താൻ കാര്യമായ ഇടപെടൽ നടത്താത്തതിൽ പ്രതിഷേധം പുകയുന്നു. വമ്പൻ പദ്ധതികൾക്കായി കോടികൾ മുടക്കുമ്പോഴും ബസുകളുടെ എണ്ണം കൂട്ടാനോ, പൊതുഗതാഗതം ശക്തിപ്പെടുത്താനോ നടപടിയില്ല.
ലോക്കൽ ട്രെയിനുകൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന പൊതുഗതാഗത സംവിധാനമാണ് കോർപറേഷനു കീഴിലുള്ള ബെസ്റ്റ് ബസുകൾ. അവയുടെ എണ്ണം കുറഞ്ഞ്, സ്വകാര്യ ബസ് സർവീസുകൾ നിരത്ത് കീഴടക്കുമ്പോഴും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ. ആപ് അധിഷ്ഠിത സ്വകാര്യ ബസുകളിലേക്ക് കൂടുതൽ ആളുകൾ മാറുകയാണ്. നിരക്കു കൂടുതലായതിനാൽ സാധാരണക്കാരന് അവയെ ആശ്രയിക്കാനുമാകുന്നില്ല.
കുറഞ്ഞ ചെലവിൽ മികച്ച യാത്രാസൗകര്യങ്ങൾ നൽകിയിരുന്ന ബെസ്റ്റ് സ്വകാര്യ ബസുകൾക്ക് വഴിയൊരുക്കുന്ന പാതയിലാണെന്നാണ് ആരോപണം. ഇപ്പോൾ സർവീസ് നടത്തുന്നിൽ ഭൂരിഭാഗവും കരാർ മുഖേനയുള്ള സ്വകാര്യ ബസുകളാണ്. നിലവിൽ 3000ൽ താഴെ ബെസ്റ്റ് ബസുകളാണ് നഗരത്തിലോടുന്നത്. ഇതിൽ പകുതിയും ബെസ്റ്റിനായി കരാർ വ്യവസ്ഥയിൽ ഓടുന്നവയാണ്. കഴിഞ്ഞ 15 വർഷത്തിനിടിയിൽ ബസുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. എത്രയും വേഗം 1000 ബസുകൾ കൂടി നിരത്തിലിറക്കണമെന്നാണ് പാസഞ്ചേഴ്സ് അസോസിയേഷന്റെ ആവശ്യം.
കാലപ്പഴക്കംചെന്ന ബസുകൾ ഘട്ടംഘട്ടമായി ഒഴിവാക്കുന്നതും നേരത്തെ ഓർഡർ നൽകിയിരിക്കുന്ന ബസുകൾ എത്താൻ വൈകുന്നതും മൂലമാണ് ബസുകൾ കുറയുന്നതെന്നാണ് അധികൃതർ പറയുന്നത്. ഇത് പരിഹരിക്കാൻ ബദൽമാർഗങ്ങൾ സ്വീകരിക്കണമെന്നും സിഎൻജി ബസുകൾ നിരത്തിലിറക്കണമെന്നും അഭിപ്രായമുണ്ട്.
ബസുകളുടെ കുറവ് മൂലം പല റൂട്ടുകളിലും ഇപ്പോൾ ബസ് സർവീസ് ഇല്ല. താരതമ്യേന കുറഞ്ഞ നിരക്കിൽ സഞ്ചരിക്കാമെന്നതു കൊണ്ട് സാധാരണക്കാരുടെ ആശ്രയമായിരുന്ന ബെസ്റ്റ് ബസുകളുടെ എണ്ണക്കുറവ് നഗരവാസികൾക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. നിരക്കു കൂടുതലുള്ള പ്രീമിയം ബസുകളിലേക്ക് ബെസ്റ്റ് അധികൃതരുടെ ശ്രദ്ധ മാറുകയാണെന്നും സാധാരണ ബസ് യാത്രക്കാരെ അവഗണിക്കുകയാണന്നും നഗരവാസികൾ ആരോപിക്കുന്നു.നൂറോളം പ്രീമിയം ബസുകൾ ബെസ്റ്റിനുണ്ട്. ഇവ 12 റൂട്ടുകളിൽ മാത്രമാണ് സർവീസ് നടത്തുന്നത്. ദക്ഷിണ മുംബൈയിൽ നിന്ന് വിമാനത്താവളത്തിലേക്കാണ് ആദ്യം പ്രീമിയം ബസ് സർവീസ് ആരംഭിച്ചത്. പിന്നീട് കൂടുതൽ ബസുകൾ എത്തിയതോടെ റൂട്ടുകളുടെ എണ്ണം കൂട്ടുകയായിരുന്നു. പതിനായിരം യാത്രക്കാരാണ് ദിവസേന പ്രീമിയം ബസുകളെ ആശ്രയിക്കുന്നത്. ചലോ ആപ്പ് ഉപയോഗിച്ച് മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ.
ബെസ്റ്റിൽ മിനിമം നിരക്ക് 6 രൂപ
35 ലക്ഷത്തോളം ആളുകളാണ് സാധാരണ ബസ് സർവീസിനെ ആശ്രയിക്കുന്നത്. ബസുകളുടെ എണ്ണക്കുറവ് എത്രയും പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം. മറ്റ് പല മുനിസിപ്പൽ കോർപറേഷനുകളുടെ ബസ് സർവീസുകളെ അപേക്ഷിച്ച് ബെസ്റ്റ് ബസുകൾക്ക് നിരക്ക് കുറവാണ്. മിനിമം നിരക്കായി 6 രൂപയാണ് എസി ബസുകളിൽ ഉൾപ്പെടെ ഈടാക്കുന്നത്.
ബെസ്റ്റ് ബചാവോ
ബെസ്റ്റ് ബസ് സർവീസിനെ തകർച്ചയിൽനിന്നു രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ‘ബെസ്റ്റ്’ യൂണിയനുകളുടെയും യാത്രക്കാരുടെയും നേതൃത്വത്തിൽ ബെസ്റ്റ് ബചാവോ എന്ന പേരിൽ ക്യാംപെയ്ൻ ആരംഭിച്ചു. ബെസ്റ്റ് ബസ് സർവീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് യൂണിയൻ നേതാവ് ശശാങ്ക് റാവു പറഞ്ഞു.