26–ാം വിവാഹത്തിനൊരുങ്ങി; വരൻ ഇനി ജയിലിൽ

Mail This Article
വസായ്∙ 25 യുവതികളെ വിവാഹം ചെയ്ത തട്ടിപ്പുവീരൻ അറസ്റ്റിൽ. തട്ടിപ്പിനിരയായ നാലസൊപാരയിലെ യുവതി നൽകിയ പരാതിയെത്തുടർന്ന് കല്യാണിൽ നിന്നാണ് ഫിറോസ് ഇല്യാസ് ഷെയ്ഖിനെ (48) പൊലീസ് അറസ്റ്റ് ചെയ്തത്. നാലസൊപാരയിലെ യുവതിയെ വിവാഹം ചെയ്ത ശേഷം കാറും ലാപ്ടോപ്പും മറ്റും വാങ്ങാനെന്ന വ്യാജേന ഏഴര ലക്ഷം രൂപ കൈക്കലാക്കി മുങ്ങിയതിനെത്തുടർന്നാണ് അവർ പൊലീസിനെ സമീപിച്ചത്.
അന്വേഷണത്തിലാണ് 25 യുവതികളെ ഫിറോസ് തട്ടിപ്പിനിരയാക്കിയെന്നു വെളിപ്പെട്ടത്. പൊലീസ് ഒരു യുവതിയുടെ പേരിൽ വ്യാജ സമൂഹമാധ്യമ പ്രൊഫൈൽ ഉണ്ടാക്കിയാണ് പ്രതിയെ കുടുക്കിയത്. മാട്രിമോണിയൽ സൈറ്റുകളിൽ നിന്നു കണ്ടെത്തുന്ന വിധവകളെയാണ് ഇയാൾ കൂടുതലും ഇരകളാക്കിയിരുന്നത്.
വിവാഹാനന്തരം യുവതികളുടെ ആഭരണങ്ങൾ, പണം, മൊബൈൽ ഫോൺ, എടിഎം കാർഡ്, തുടങ്ങിയവയുമായി മുങ്ങുകയാണ് പതിവ്. പുണെയിൽ നിന്നു 4 വിവാഹം കഴിച്ചിട്ടുണ്ട്. മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഡൽഹി, താനെ, അർണാല, നാലസൊപാര എന്നിവയടക്കമുള്ള മേഖലകളിലാണ് മറ്റു കേസുകൾ.
നാലസൊപാരയിലെ യുവതി രംഗത്തിറങ്ങുന്നതുവരെ ആരും പരാതി നൽകാതിരുന്നതിനാൽ ഇയാൾ വിലസുകയായിരുന്നു. തട്ടിപ്പിനിരയാക്കിയ ചില സ്ത്രീകളുടെ ആധാർ, എടിഎം കാർഡുകൾ, 7 മൊബൈൽ ഫോണുകൾ, ചെക്ക് ബുക്കുകൾ, ആഭരണങ്ങൾ മുതലായ നാലസൊപാര പൊലീസ് കണ്ടെടുത്തു.