സമൃദ്ധി എക്സ്പ്രസ് വേ ഓഗസ്റ്റിൽ തുറക്കും; ഇഗത്പുരി–താനെ യാത്രയ്ക്ക് മുക്കാൽ മണിക്കൂർ മാത്രം

Mail This Article
മുംബൈ ∙ ഓഗസ്റ്റ് അവസാനത്തോടെ മുംബൈ-നാഗപുർ സമൃദ്ധി എക്സ്പ്രസ് പൂർണമായും ഗതാഗത യോഗ്യമായേക്കും. ആകെ 701 കിലോമീറ്റർ ദൂരമുള്ള പാതയിൽ ഇഗത്പുരി മുതൽ ഭിവണ്ടി ആംനേ വില്ലേജ് വരെയുളള 76 കിലോമീറ്റർ ഭാഗം മാത്രമാണ് പൂർത്തിയാകാനുള്ളത്. ഈ ഭാഗം തുറക്കുന്നതോടെ ഇഗത്പുരി മുതൽ താനെ വരെയുള്ള യാത്രാസമയം 2 മണിക്കൂറിൽ നിന്നു മുക്കാൽ മണിക്കൂറായി കുറയും. മുംബൈ-നാസിക് ദേശീയപാത വഴിയാണ് ഇതുവരെ വാഹനങ്ങൾ സഞ്ചരിച്ചിരുന്നത്.
കുന്നും മലകളും കയറ്റിറക്കങ്ങളും നിറഞ്ഞ മേഖലയാണിത്. നേരത്തെ കസാര വനമേഖല കടക്കാൻ അര മണിക്കൂർ എടുത്തിരുന്നത് ഇനി കേവലം 6 മിനിറ്റ് മതിയാകുമെന്നു മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡവലപ്മെന്റ് കോർപറേഷൻ വൈസ് ചെയർമാനും എംഡിയുമായ അനിൽ കുമാർ ഗായക്‌വാഡ് അറിയിച്ചു.
ഇൗ മേഖലയിൽ 2 കിലോമീറ്റർ വരുന്ന പാലത്തിന്റെ ഒരു ഭാഗം മാത്രമേ ഓഗസ്റ്റ് അവസാനം പൂർത്തിയാകൂ. അടുത്ത മൂന്നുമാസം വരെ ഇരുഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് ഇത് ഉപയോഗിക്കേണ്ടി വരും. പാലത്തിന്റെ രണ്ടാമത്തെ വശത്തിന്റെ നിർമാണജോലികൾ നവംബറിൽ മാത്രമേ പൂർത്തിയാകൂ.
കസാര വനമേഖലയിലൂടെ മണിക്കൂറിൽ 120 കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനാവും. ഇഗത്പുരി മുതൽ നാഗ്പുർ വരെയുള്ള 625 കിലോമീറ്ററിൽ നിലവിൽ പ്രതിദിനം 30,000 വാഹനങ്ങളാണു സഞ്ചരിക്കുന്നത്. 2 കോടി രൂപ ടോൾ ലഭിക്കുന്നുണ്ട്. ഇഗത്പുരി മുതൽ താനെ വരെയുള്ള ഭാഗം ഓഗസ്റ്റ് അവസാനം തുറക്കുന്നതോടെ വാഹനങ്ങൾ പല മടങ്ങായി കൂടും.