യുവതിയുടെ കൊലപാതകം: പ്രതി കർണാടകയിൽ അറസ്റ്റിൽ

Mail This Article
മുംബൈ∙ നവിമുംബൈയ്ക്കടുത്ത് ഉറനിൽ 20 വയസ്സുകാരിയെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതിയെ കർണാടകയിൽ നിന്ന് അറസ്റ്റ് ചെയ്തു. ഡ്രൈവറായി ജോലി ചെയ്തിരുന്ന ദാവൂദ് ഷെയ്ഖ് എന്നയാളാണു പിടിയിലായത്. മകളെ ശല്യം ചെയ്യുന്നതിനും ഉപദ്രവിക്കാൻ ശ്രമിച്ചതിനും ഇയാൾക്കെതിരെ പെൺകുട്ടിയുടെ പിതാവ് 2019ൽ പൊലീസ് പരാതി നൽകിയിരുന്നു.
പോക്സോ നിയമപ്രകാരം ഷെയ്ഖ് അറസ്റ്റിലായതിന്റെ പ്രതികാരം തീർക്കാനാണു കൊലപാതകം എന്ന് സംശയമുണ്ട്. കേസിനു ശേഷം നവിമുംബൈയിൽ നിന്ന് കർണാടകയിലേക്ക് ഷെയ്ഖ് താമസം മാറിയ ശേഷവും ഇരുവരും ബന്ധം പുലർത്തിയിരുന്നതായും റിപ്പോർട്ടുണ്ട്.
ശനിയാഴ്ച പുലർച്ചെ രണ്ടിനാണ് ഉറൻ റെയിൽവേ സ്റ്റേഷനു സമീപം യുവതിയുടെ മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ബേലാപുരിൽ ജോലി ചെയ്തിരുന്ന യുവതി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ ലീവ് എടുത്തിരുന്നു. സുഹൃത്തിന്റെ വീട്ടിൽ പോവുകയാണെന്നാണ് മാതാപിതാക്കളോടു പറഞ്ഞത്. തിരിച്ചെത്താതെ വന്നതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. അതിനുശേഷമാണ് മൃതദേഹം കണ്ടെത്തിയത്.