പതിനാറുകാരന്റെ ദുരൂഹ മരണം; സംശയം ഓൺലൈൻ ഗെയിമുകളിലേക്കും

Mail This Article
മുംബൈ∙ പുണെയിൽ 16 വയസ്സുകാരൻ താമസസമുച്ചയത്തിന്റെ പതിനാലാം നിലയിൽ നിന്നു വീണു മരിച്ചത് ഓൺലൈൻ ഗെയിമിന്റെ സ്വാധീനത്തിലെന്ന് സംശയിച്ച് കുടുംബാംഗങ്ങൾ. വെള്ളിയാഴ്ച അർധരാത്രി പിംപ്രി ചിഞ്ച്‌വാഡ് മേഖലയിലെ ഫ്ലാറ്റിൽ നിന്ന് വീണുമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. അപകടമരണത്തിനു കേസെടുത്ത പൊലീസ് ലാപ്ടോപ് ഉൾപ്പെടെ കസ്റ്റഡിയിലെടുത്തെങ്കിലും പാസ്‌വേഡ് അറിയാത്തതിനാൽ തുറക്കാനായിട്ടില്ല. വിദഗ്ധരുടെ സഹായം തേടി.
ഒരു കുട്ടി കെട്ടിടത്തിൽ നിന്നു വീണുമരിച്ചെന്ന് ഹൗസിങ് സൊസൈറ്റിയുടെ വാട്സാപ് ഗ്രൂപ്പിൽ നിന്നാണ് അമ്മ അറിഞ്ഞത്. മുറിയിൽ പോയി നോക്കിയപ്പോൾ കാണാതെ വന്നതോടെ താഴെ എത്തിയപ്പോഴാണ് മകന്റെ മൃതദേഹം കണ്ടത്. കുട്ടിയുടെ മുറിയിൽ നിന്ന് രണ്ടു രേഖാചിത്രങ്ങൾ കണ്ടെടുത്തു. ഒന്നിൽ, താമസിച്ചിരുന്ന കെട്ടിടത്തിന്റെയും ഫ്ലാറ്റിന്റെയും ചിത്രങ്ങൾ വരച്ചിരുന്നു. ‘ജംപ്’ എന്നും എഴുതിയിട്ടുണ്ടെന്നു പൊലീസ് പറഞ്ഞു.
മുൻപ് ബാൽക്കണിയിലേക്ക് തനിച്ച് പോകാൻ പോലും ഭയപ്പെട്ടിരുന്ന കുട്ടിക്ക് ലാപ്ടോപ് ഉപയോഗം കൂടിയതോടെ സ്വഭാവത്തിൽ വലിയ മാറ്റം വന്നെന്ന് അമ്മ പറയുന്നു. ഓൺലൈൻ ഗെയിമുകളോട് ആസക്തി കൂടിയതോടെ ലാപ്ടോപ് ആരെങ്കിലും എടുത്താൽ അക്രമാസക്തനാകുമായിരുന്നു. മൊബൈൽ ഗെയിമുകളുമായി ബന്ധപ്പെട്ട കുട്ടികൾ അപകടത്തിൽപ്പെടുന്നതു വർധിച്ചതോടെ 2017–19 കാലഘട്ടത്തിൽ ചില ഗെയിമുകൾ നിരോധിച്ചെങ്കിലും ഇപ്പോഴും പേര് മാറി കൊലയാളി ഗെയിമുകൾ സജീവമാണ്.