ഇനി വീണ്ടും കുർളയിൽ നിന്ന്: നേത്രാവതി തിരിച്ചെത്തി; താൽക്കാലിക ആശ്വാസം

Mail This Article
മുംബൈ ∙ മുംബൈയിൽ നിന്നു കേരളത്തിലേക്കുള്ള പ്രതിദിന ട്രെയിനായ നേത്രാവതി എക്സ്പ്രസ് കുർള എൽടിടി െടർമിനസിലേക്ക് തിരിച്ചെത്തി. കുർളയിലെ അറ്റകുറ്റപ്പണി മൂലം ഇത് കഴിഞ്ഞ ഒരു മാസമായി സർവീസ് പൻവേലിലേക്കു മാറ്റിയിരുന്നു. മുംബൈയിൽ നിന്നു തിരുവനന്തപുരത്തേക്കുളള യാത്ര പുറപ്പെടുന്നതും തിരുവനന്തപുരത്തു നിന്നുള്ള യാത്ര അവസാനിപ്പിക്കുന്നതും പൻവേലിലേക്കു മാറ്റിയത് കൊളാബ, താനെ, കല്യാൺ, ഡോംബിവ്‌ലി, അംബർനാഥ്, അന്ധേരി, ബോറിവ്‌ലി, പവയ് ഉൾപ്പെടെയുള്ള മേഖലകളിൽ നിന്നുള്ള യാത്രക്കാരെ വലച്ചിരുന്നു.
പെരുമഴയത്ത് ടാക്സി പിടിച്ചാണ് പലരും പൻവേലിൽ എത്തിയിരുന്നത്. കേരളത്തിലേക്കുള്ള തേഡ് എസി ടിക്കറ്റിനെക്കാൾ വലിയ തുക ടാക്സി നിരക്കായി നൽകേണ്ടിവന്നത് ചെലവ് ഇരട്ടിയാക്കി. വേണ്ടത്ര ഇരിപ്പിടമോ, ശുചിമുറികളോ പൻവേലിൽ ഇല്ലാത്തതും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. കുർളയിലെ അറ്റകുറ്റപ്പണി ചൂണ്ടിക്കാട്ടി ഒരു മാസത്തേക്ക് നേത്രാവതി എക്സ്പ്രസ് പൻവേലിലേക്കു മാറ്റുന്നത് ഇതു രണ്ടാംവട്ടമാണ്. പൻവേലിൽ നിർമാണം പുരോഗമിക്കുന്ന ടെർമിനസ് പൂർത്തിയായാൽ നേത്രാവതി അടക്കം കേരളത്തിലേക്കുള്ള ട്രെയിനുകൾ ക്രമേണ കുർളയിൽ നിന്ന് മാറ്റുമോയെന്ന ആശങ്കയിലാണ് മുംബൈ മലയാളികൾ. ടെസ്റ്റ് ഡോസ്’ ആണ് ഇടയ്ക്കിടെ നേത്രാവതി മാറ്റുന്നതെന്നാണ് മലയാളി യാത്രക്കാരുടെ സംശയം.
പ്രതിദിന ട്രെയിനായ നേത്രാവതി എക്സ്പ്രസ്, ആഴ്ചയിൽ രണ്ടു ദിവസമുള്ള കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ്, കൊച്ചുവേളി എക്സ്പ്രസ്, എറണാകുളം തുരന്തോ എക്സ്പ്രസ് എന്നിങ്ങനെ എല്ലാ കേരള ട്രെയിനുകളും കുർള എൽടിടിയിൽ നിന്നാണ് സർവീസ് നടത്തുന്നത്. ഇതു താനെ വഴി പൻവേലിൽ എത്തിയാണ് കൊങ്കൺ പാതയിലൂടെ കേരളത്തിലേക്കു പോകുന്നത്. മുംബൈ മേഖലയിലുള്ളവർക്ക് കുർളയിൽ നിന്നും താനെ മേഖലയിലുളളവർക്ക് താനെയിൽ നിന്നും പുതിയ കുടിയേറ്റ മേഖലയായ നവിമുംബൈയിലുള്ളവർക്ക് പൻവേലിൽ നിന്നും കയറാമെന്നതാണ് കേരള ട്രെയിൻ കുർള എൽടിടിയിൽ നിന്ന് ആരംഭിക്കുന്നതുകൊണ്ടുള്ള നേട്ടം. പൻവേലിലേക്കു മാറ്റിയാൽ കോട്ടയംകാർക്കുളള ട്രെയിൻ എറണാകുളത്തു നിന്ന് ആരംഭിക്കുന്നതുപോലെയാകും. അതിനാൽ, കേരളാ ട്രെയിനുകളെ കുർളയിൽ നിന്നു പൻവേലിലേക്കു മാറ്റാനുളള നീക്കം ഭാവിയിലുണ്ടായാൽ അതിനെതിരെ മുംബൈ മലയാളികൾ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് യാത്രക്കാരുടെ സംഘടനകൾ പറഞ്ഞു.
ഹാർബർ ലൈനിലെ സർവീസുകൾ
സാന്ത്ഹസ്റ്റ് റോഡിൽ
അവസാനിപ്പിക്കാൻ നീക്കം
മുംബൈ ∙ പൻവേൽ–സിഎസ്എംടി പാതയായ ഹാർബർ ലൈനിലെ ട്രെയിനുകൾ സാന്ത്ഹസ്റ്റ് റോഡ് സ്റ്റേഷനിൽ അവസാനിപ്പിക്കാൻ മധ്യറെയിൽവേയിൽ ആലോചന. പരേലിലേക്ക് 5, 6 ലൈനുകൾ ഒരുക്കാൻ വേണ്ടിയാണ് ഇൗ നീക്കം. ഇതോടെ ഹാർബർ ലൈനിലൂടെ സിഎസ്എംടിയിലേക്കു പോകുന്നവർ രണ്ടു സ്റ്റേഷൻ മുൻപുള്ള സാന്ത്ഹസ്റ്റ് റോഡിൽ യാത്ര അവസാനിപ്പിച്ച് മെയിൻ ലൈനിൽ വരുന്ന ലോക്കൽ ട്രെയിനിൽ മാറിക്കയറിയോ, റോഡ് മാർഗമോ പോകേണ്ടിവരും.
നിലവിൽ 1, 2 പ്ലാറ്റ്ഫോമുകളിൽ നിന്നാണ് ഹാർബർ ലൈൻ സർവീസുകൾ നടത്തുന്നത്. ഇവ രണ്ടും മെയിൻ ലൈൻ പ്ലാറ്റ്ഫോമുകളാക്കി മാറ്റി പരേലിലേക്കുള്ള പാത വികസിപ്പിക്കാനാണു പദ്ധതി. അതോടെ പൻവേൽ മേഖലയിലേക്ക് സിഎസ്എംടിയിൽ നിന്നു നേരിട്ട് ലോക്കൽ ട്രെയിൻ ഇല്ലാതാകുന്ന സ്ഥിതി വരും. ഹാർബർ ലൈൻ യാത്രക്കാർക്ക് കടുത്ത ദുരിതം സൃഷ്ടിക്കുന്ന നീക്കമാണിത്.