കരട് നയം പുറത്തിറക്കി; പരസ്യബോർഡുകൾ സ്ഥാപിക്കാൻ ഇനി അനുമതി നിർബന്ധം

Mail This Article
മുംബൈ ∙ നഗരത്തിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് ബിഎംസിയുടെ ബിൽഡിങ് പ്രപ്പോസൽ വിഭാഗത്തിന്റെ അനുമതി നിർബന്ധമാക്കുന്ന കരട് നയം രൂപീകരിച്ചു. നേരത്തേ ലൈസൻസിന് അപേക്ഷിക്കുന്നവർക്കെല്ലാം നൽകുന്ന രീതിയാണ് സ്വീകരിച്ചിരുന്നത്. എന്നാൽ, ഇനി ബിഎംസിയുടെയും റെയിൽവേയുടെയും മറ്റ് വകുപ്പുകളുടെയും ഉടമസ്ഥതയിലുള്ള ഭൂമിയിൽ പരസ്യബോർഡുകൾ സ്ഥാപിക്കണമെങ്കിൽ ബിൽഡിങ് പ്രപ്പോസൽ വിഭാഗത്തിൽ നിന്ന് അനുമതി വാങ്ങണമെന്നാണ് നിബന്ധന. മുൻപ് പൊലീസിന്റെയും റെയിൽവേയുടെയും ഭൂമിയിൽ പരസ്യബോർഡുകൾ സ്ഥാപിക്കുന്നതിന് ബിഎംസിയുടെ അനുമതി നിർബന്ധമായിരുന്നില്ല.
കഴിഞ്ഞ മേയ് 13ന് ഘാട്കോപറിൽ പരസ്യബോർഡ് വീണ് 17 പേർ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് പരുക്കേൽക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് പുതുക്കിയ പരസ്യബോർഡ് നയം കൊണ്ടുവന്നത്. റെയിൽവേ ഭൂമിയിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ പരസ്യബോർഡാണ് അന്ന് അപകടം വരുത്തിവച്ചത്. തുടർന്ന് വലിയ വിമർശനങ്ങൾ ഉയർന്നതോടെയാണ് പുതിയ നയം രൂപീകരിച്ചത്.
പാലങ്ങളിലും നടപ്പാതകളിലും ബോർഡുകൾ സ്ഥാപിക്കുന്നതിന് വിലക്കേർപ്പെടുത്തുക തുടങ്ങിയ നിർദേശങ്ങളും കരടിലുണ്ട്. ഡിജിറ്റൽ ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തും. 67 ഡിജിറ്റൽ പരസ്യബോർഡുകളാണ് നഗരത്തിലുള്ളത്. 35 എണ്ണത്തിന് അപേക്ഷകൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു. ബോംബെ ഐഐടി പരിസ്ഥി വിഭാഗത്തിൽ നിന്നുള്ള വിദഗ്ധർ, ജോയിന്റ് പൊലീസ് കമ്മിഷണർ, ബിഎംസി ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടുന്ന കമ്മിറ്റിയാണ് പുതിയ നയം രൂപീകരിച്ചത്. പൊതുജനങ്ങളുടെ പ്രതികരണം തേടിയതിന് ശേഷമാകും നടപ്പിലാക്കുക.