അജന്ത ഗുഹകൾ കാണാം; 20 ഇ–ബസുകൾ റെഡി
Mail This Article
മുംബൈ∙ ചരിത്രപ്രസിദ്ധമായ അജന്ത ഗുഹകളിലേക്ക് മുംബൈയിൽ നിന്ന് ടൂറിസം വകുപ്പിന്റെ പുതിയ 20 ഇ–ബസുകൾ തുടങ്ങി. കഴിഞ്ഞ ദിവസം ലോക ടൂറിസം ദിനത്തോട് അനുബന്ധിച്ചാണ് ആദ്യ ബസ് സർവീസ് ആരംഭിച്ചത്. 14–22 സീറ്റുകളുള്ള എസി, നോൺ എസി ബസുകളാണ് നിരത്തിലിറങ്ങുന്നത്. അടുത്ത മാസം 20ന് മുൻപ് എല്ലാ ബസുകളും പൂർണമായി പ്രവർത്തന സജ്ജമാകും.
വിനോദസഞ്ചാരികൾക്കു മടുപ്പുണ്ടാകാതെ കൃത്യമായ ഇടവേളകളിൽ യാത്രകൾ സജ്ജീകരിക്കും. മലിനീകരണരഹിത യാത്രയും ഇ–ബസുകൾ സാധ്യമാക്കും. നേരത്തേ ഡീസൽ ബസുകളായിരുന്നു ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. യാത്രക്കാർ ഒട്ടേറെ സമയം കാത്തിരിക്കേണ്ട അവസ്ഥയായിരുന്നു.
ഛത്രപതി സംഭാജി നഗറിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം നേടിയ അജന്ത ഗുഹകൾ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ കണക്കുപ്രകാരം, ഈ വർഷം ജനുവരി–ഓഗസ്റ്റ് കാലയളവിൽ മാത്രം 7000 വിദേശികൾ അടക്കം 2.59 ലക്ഷം സഞ്ചാരികൾ ഇവിടം സന്ദർശിച്ചു.