അടൽ സേതുവിൽ ഇനി എഐ സുരക്ഷ; ഒരു വർഷത്തിനുള്ളിൽ ക്യാമറകൾ മാറ്റുന്നതിനെതിരെ വിമർശനം
Mail This Article
മുംബൈ∙ ട്രാൻസ്ഹാർബർ (അടൽസേതു) ലിങ്കിൽ ഇപ്പോഴുള്ള ക്യാമറകൾ മാറ്റി എഐ ക്യാമറകൾ സ്ഥാപിക്കുന്നു. മുംബൈ–പുണെ പാതയിൽ വിജയകരമായി നടപ്പാക്കിയ രീതി ഇവിടെയും നടപ്പാക്കാനാണ് ആലോചന. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്താൻ സാധിക്കുന്നില്ലെന്ന പരാതിയെത്തുടർന്നാണ് നടപടി. അമിതവേഗം, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കൽ, മൊബൈൽ ഫോണിൽ സംസാരിച്ച് വാഹനമോടിക്കൽ തുടങ്ങിയ നിയമലംഘനങ്ങൾ പതിവായിട്ടും പിഴയീടാക്കാനോ നടപടി സ്വീകരിക്കാനോ കഴിയുന്നില്ലെന്നു കണ്ടെത്തിയതോടെണ് എഐ ക്യാമറകൾ സ്ഥാപിക്കുന്നത്.
കടൽപാലം ഉദ്ഘാടനം ചെയ്ത് ഒരു വർഷത്തിനുള്ളിൽ ആദ്യം സ്ഥാപിച്ച ക്യാമറകൾ മാറ്റേണ്ടി വരുന്നത് അധികൃതരുടെ ദീർഘവീക്ഷണമില്ലായ്മ ആണെന്ന് ആക്ഷേപമുണ്ട്. ഇപ്പോൾ സ്ഥാപിച്ചിരിക്കുന്ന ക്യാമറകൾ റോഡിൽ നിർത്തുന്ന വാഹനങ്ങളുടെ വിവരങ്ങൾ മാത്രമാണ് നൽകുന്നത്. എഐ ക്യാമറകൾ വരുന്നതോടെ തത്സമയം നിരീക്ഷണം സാധ്യമാകും. ഒപ്പം പിഴയും കൃത്യമായി നൽകാനാകും. നവിമുംബൈയെ നഗരത്തോട് കൂടുതൽ അടുപ്പിച്ച ട്രാൻസ്ഹാർബർ ലിങ്കിൽ സുരക്ഷിതയാത്ര ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമറകൾ മാറ്റുന്നതെന്നും അധികൃതർ വ്യക്തമാക്കി. നവിമുംബൈ വിമാനത്താവളം, ജെഎൻപിടി തുറമുഖം എന്നിവയുമായി ദക്ഷിണ മുംബൈയെ കൂടുതൽ അടുപ്പിച്ച ട്രാൻസ്ഹാർബർ ലിങ്ക് യാത്രക്കാർ ഏറ്റെടുത്തു തുടങ്ങി.