ഗാന്ധിജയന്തിക്ക് ഒരുങ്ങി നാടും നഗരവും; വെളിച്ചം പകരും ബാപ്പു വസതികൾ
Mail This Article
ശാന്തിമന്ത്രം ഉയരുന്ന മണിഭവൻ
മുംബൈ ∙ അഹിംസാ മാർഗത്തിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് വഴിനടത്തിയ മഹാത്മാവിന്റെ ഓർമയിൽ രാജ്യം ഇന്ന് ഗാന്ധിജയന്തി ആഘോഷിക്കുന്നു. 1917 മുതൽ 1934 വരെ നീണ്ട 17 വർഷം പലഘട്ടങ്ങളിലായി ഗാന്ധിജി താമസിക്കുകയും ആയിരങ്ങൾക്ക് വെളിച്ചം പകർന്നുനൽകുകയും ചെയ്ത മണിഭവൻ ഇന്നും നന്മയുടെ വിളക്കുമരമായി നിലകൊള്ളുന്നു.
സിഎസ്എംടി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ അകലെ ഗ്രാൻഡ് റോഡിൽ ഓഗസ്റ്റ് ക്രാന്തി മൈതാനത്തോട് ചേർന്നാണ് മണിഭവൻ. ചർക്ക, ഊന്നുവടി എന്നിവയടക്കം ഗാന്ധിജി ഉപയോഗിച്ചിരുന്ന ഒട്ടേറെ വസ്തുക്കൾ സൂക്ഷിക്കുകയും, താമസിച്ചിരുന്ന മുറി അതുപോലെ സംരക്ഷിക്കുകയും ചെയ്തിരിക്കുന്ന ഇവിടെ മഹാത്മാവിന്റെ ജീവിതത്തിലെ അപൂർവ ഫോട്ടോകളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഗാന്ധിജിയുടെ കുട്ടിക്കാലം മുതൽ മരണം വരെ മനോഹരമായി അവതരിപ്പിച്ചിരിക്കുന്ന പാവ ചിത്രീകരണമാണ് മറ്റൊരു ആകർഷണം.
ബാപ്പുജിയുടെ ജീവിതം അനുഭവിച്ചറിയാൻ കുട്ടികളെയും കൊണ്ട് ഒട്ടേറെ രക്ഷിതാക്കളും അധ്യാപകരും ഇവിടെയെത്താറുണ്ട്. ചർക്കയിൽ നൂൽ നൂൽക്കൽ, സർവമത പ്രാർഥന എന്നിവയടക്കമുള്ള പരിപാടികൾ ഇന്ന് ഇവിടെ നടത്തും. മഹാരാഷ്ട്രയുടെ ചുമതലയുള്ള മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഇന്നു മണിഭവൻ സന്ദർശിക്കും.
ഭജൻ ഒഴുകുന്ന സേവാഗ്രാം
മുംബൈ ∙ ദണ്ഡിയാത്രയ്ക്കു പിന്നാലെ പുണെ യേർവാഡ ജയിലിലായ ഗാന്ധിജി, പിന്നീട് മോചിതനായപ്പോൾ മധ്യ ഇന്ത്യ കേന്ദ്രീകരിച്ചു പ്രവർത്തിക്കാമെന്നു തീരുമാനിച്ചു. അങ്ങനെയാണു നാഗ്പുരിനടുത്ത് വാർധയിൽ നിന്ന് 8 കിലോമീറ്റർ അകലെ ഷേഗാവിൽ താമസിക്കാൻ തീരുമാനിച്ചത്. വ്യവസായിയായ അനുയായി ജമ്നാലാൽ ബജാജ് 100 ഏക്കറിലേറെ സ്ഥലം കൈമാറി. അവിടത്തെ കാട് വെട്ടിത്തെളിച്ചാണ് താമസകേന്ദ്രം നിർമിച്ചത്. ഗാന്ധിജിയുടെ വരവോടെ ഷേഗാവ് എന്ന ഗ്രാമം സേവാഗ്രാമായി മാറി.
ഗാന്ധിജി ആദ്യം താമസിച്ച ആദി നിവാസ്, പിന്നീട് പണികഴിപ്പിച്ച ബാപ്പുക്കുടി, കസ്തൂർബയ്ക്കായി നിർമിച്ച വീട്, സെക്രട്ടറിയുടെ ഓഫിസും താമസകേന്ദ്രവും എന്നിവയാണ് ഇപ്പോൾ സേവാഗ്രാമിലുള്ളത്. ശാന്തമായ കാറ്റിന്റെ ഇൗണത്തിനൊപ്പം ഒഴുകുന്ന ഭജനുകൾ. പലയിടത്തും ചർക്കയിൽ നൂൽനൂൽക്കുന്നവരെയും കാണാം. ജീവിതത്തിൽ ഒരിക്കലെങ്കിലും സന്ദർശിക്കേണ്ട ഇടമാണിത്; ബാപ്പുവിന്റെ ഈ വീട് ഒരു കൗതുകക്കാഴ്ച മാത്രമല്ല; പലരുടെയും ജീവിതം മാറ്റിമറിച്ച ഇടവുമാണ്.