ബാന്ദ്ര റെയിൽവേ സ്റ്റേഷൻ: ട്രെയിനിൽ കയറാൻ തിക്കും തിരക്കും; പരുക്കേറ്റ 2 പേരുടെ നില ഗുരുതരം

Mail This Article
മുംബൈ∙ ബാന്ദ്ര റെയിൽവേ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും 9 പേർക്കു പരുക്കേറ്റു. 2 പേരുടെ നില ഗുരുതരം. ബാന്ദ്രയിൽ നിന്നു യുപി ഗോരഖ്പുരിലേക്കുള്ള അന്ത്യോദയ എക്സ്പ്രസ് ട്രെയിനിൽ ഇടംപിടിക്കാനുള്ള യാത്രക്കാരുടെ ശ്രമത്തെത്തുടർന്ന് ഇന്നലെ പുലർച്ചെ രണ്ടേമുക്കാലിനാണ് സംഭവം. ദീപാവലി, ഛഠ് പൂജ ആഘോഷങ്ങളുടെ ഭാഗമായി ഉത്തരേന്ത്യയിലേക്കുളള എല്ലാ ട്രെയിനുകളിലും തിരക്ക് കൂടിയിരിക്കുകയാണ്. പുലർച്ചെ 5.10നുള്ള ട്രെയിൻ 2.45ന് യാർഡിൽ നിന്ന് പ്ലാറ്റ്ഫോമിലെത്തിച്ചപ്പോഴാണ് സംഭവം.
ട്രെയിനിലെ കോച്ചുകളുടെ വാതിൽ അകത്തു നിന്ന് അടച്ചിരുന്ന നിലയിലായിരുന്നെന്നും അതു തുറക്കുന്നതു പ്രതീക്ഷിച്ച് ഒപ്പം ഓടിയവർ വീഴുകയായിരുന്നെന്നും ചില യാത്രക്കാർ പറഞ്ഞു. ഒട്ടേറെപ്പേർ പ്ലാറ്റ്ഫോമിൽ വീണു. ചിലർ രണ്ടു കോച്ചുകൾക്കിടയിൽപെട്ടതായും ആരോപണമുണ്ട്. എന്നാൽ, ട്രെയിൻ നീങ്ങിക്കൊണ്ടിരിക്കേ ചാടിക്കയറാൻ ശ്രമിച്ചവരാണ് അപകടത്തിൽപെട്ടതെന്ന് പശ്ചിമ റെയിൽവേ അറിയിച്ചു. ഉത്സവത്തിരക്കു പ്രമാണിച്ച് ഒട്ടേറെ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നെന്നും റെയിൽവേ പറഞ്ഞു.
22 ജനറൽ കോച്ചുകൾ അടങ്ങിയ ട്രെയിനാണ് അന്ത്യോദയ എക്സ്പ്രസ്. ഇത് ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുമ്പോൾ നൂറുകണക്കിന് ആളുകൾ ഇടിച്ചുകയറാൻ തിരക്കുകൂട്ടുകയായിരുന്നു. പരുക്കേറ്റവരെ റെയിൽവേ പൊലീസും പ്രദേശവാസികളും ചേർന്ന് ഭാഭാ ആശുപത്രിയിൽ എത്തിച്ചു. പരുക്കേറ്റവരെ ആർപിഎഫ് ഉദ്യോഗസ്ഥർ ചുമലിൽ എടുത്തുകൊണ്ടുപോകുന്നതിന്റെയും സ്ട്രെച്ചറിനു പകരം കിടക്കവിരിയിൽ കിടത്തി കൊണ്ടുപോകുന്നതിന്റെയും വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്ലാറ്റ്ഫോമിൽ ചിതറിക്കിടക്കുന്ന ചെരുപ്പുകൾക്കും ബാഗുകൾക്കുമിടയിൽ ചോരയൊലിപ്പിച്ച് പരുക്കേറ്റവർ കിടക്കുന്ന ദൃശ്യങ്ങളുമുണ്ട്.