ADVERTISEMENT

മുംബൈ∙ മഴക്കാലം പിന്മാറിയതോടെ പകൽച്ചൂട് കനത്തു. രാത്രി ചെറിയ തണുപ്പും തുടങ്ങി. വായുമലിനീകരണവും വർധിച്ചു. കാലാവസ്ഥാമാറ്റം വന്നതോടെ അലർജി, ആസ്മ രോഗികളടക്കം ശ്രദ്ധിക്കണമെന്ന് ആരോഗ്യവിദഗ്ധർ നിർദേശിച്ചു. കഴിഞ്ഞ ആഴ്ചകളിൽ ഒറ്റപ്പെട്ട മഴ ലഭിച്ചെങ്കിലും മഴയ്ക്കു പിന്നാലെ ചൂടും ഉഷ്ണവും കൂടുകയായിരുന്നു. നഗരത്തിൽ ഇന്നലെ ശരാശരി 32 ഡിഗ്രി സെൽഷ്യസ് ചൂട് രേഖപ്പെടുത്തി. കഴിഞ്ഞ ബുധൻ, വ്യാഴം ദിവസങ്ങളിൽ 36 ഡിഗ്രി വരെയായിരുന്നു. കടുത്ത ഉഷ്ണത്തോടൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവ് കൂടുന്നത് ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു.  55–85 വരെയാണ് മുംബൈ മേഖലയിൽ ഈർപ്പത്തിന്റെ തോത്. കുറച്ചു ദിവസത്തേക്ക് പകൽ സമയത്തെ ചൂട് 30–32 ഡിഗ്രി സെൽഷ്യസ് നിലയിൽ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നിഗമനം. പിന്നീട് കടുത്ത തണുപ്പുകാലമെത്തും.

ദുഷ്കരമായി യാത്രകൾ 
ചൂട് കൂടിയതോടെ പൊതുവാഹനങ്ങളിലുള്ള യാത്രയും ദുഷ്കരമായി. ലക്ഷക്കണക്കിന് പേരാണ് ലോക്കൽ ട്രെയിൻ, ഓട്ടോ, ബസ് സംവിധാനങ്ങളെ ആശ്രയിക്കുന്നത്. ലോക്കൽ ട്രെയിനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ഫാനിനു താഴെ പോയി നിൽക്കേണ്ട അവസ്ഥയാണ്. എസിയില്ലാത്ത ബസുകളിലെ യാത്രയും ദുരിതമാണ്. ചൂട് കൂടിയതോടെ 15–25 മിനിറ്റ് ദൂരമുള്ള ഓഫിസുകളിലേക്ക് നടക്കുന്നവരുടെ എണ്ണവും കുറഞ്ഞ് എസി ട്രെയിനുകളും ബസുകളും ആശ്രയിക്കുന്നവരുടെ എണ്ണം കൂടി.

മൂടൽമഞ്ഞ്, പുക
മൂടൽമഞ്ഞും പുകയും വ്യാപിക്കുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ (സിപിസിബി) കണക്കു പ്രകാരം ഇന്നലെ നഗരത്തിലെ ശരാശരി വായുഗുണനിലവാര സൂചിക 137 രേഖപ്പെടുത്തി. ആരോഗ്യത്തിന് ഹാനികരമായ നിലയാണിത്. കൊളാബയിൽ 312 (ഗുരുതരം)  രേഖപ്പെടുത്തി. ബൈക്കുള, മസ്ഗാവ്, വർളി, ബികെസി എന്നിവിടങ്ങളിലും വായുനില മോശം അവസ്ഥയിലാണ്. 

മഴ നിന്നതോടെ മാലിന്യം പുകയുടെ രൂപത്തിൽ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതാണ് നിലവിലെ അവസ്ഥയ്ക്കു കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വ്യവസായശാലകളിൽ നിന്ന് വ്യാപകമായി പുറംതള്ളുന്ന പുകയ്ക്കു പുറമേ വാഹനങ്ങളിലെ പുക, നിർമാണ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന പൊടിപടലങ്ങൾ എന്നിവയെല്ലാം അന്തരീക്ഷം വേഗത്തിൽ മലിനമാക്കുന്നു. ദീപാവലിക്കാലം എത്തിയതോടെ പടക്കവിപണി സജീവമായി. വരുംദിവസങ്ങളിൽ പടക്കങ്ങൾ സൃഷ്ടിക്കുന്ന കടുത്ത പുകയും വായുവിനെ വലിയതോതിൽ മലിനമാക്കും.  

ശ്രദ്ധിക്കാം
∙ നന്നായി വെള്ളം കുടിക്കുക
∙ നിർജലീകരണത്തിന് കാരണമാകുന്നതായതിനാൽ മദ്യം, കഫീൻ അടങ്ങിയ പാനീയങ്ങൾ എന്നിവ ഒഴിവാക്കുക
∙ കനം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കുക

ഒക്ടോബർ ചൂട് 
മഴക്കാലം പിൻവലിയുന്നതോടെ ഉത്തരേന്ത്യയിൽ അനുഭവപ്പെടുന്ന കാലാവസ്ഥാ പ്രതിഭാസമാണ് ഒക്ടോബർ ചൂട് എന്നറിയപ്പെടുന്നത്. അന്തരീക്ഷത്തിൽ നിലനിൽക്കുന്ന ഉയർന്ന തോതിലുള്ള ഈർപ്പവും മഴയുടെ അഭാവവും ചൂടും കൂടിച്ചേർന്ന് അസുഖകരമായ ഉഷ്ണമായിരിക്കും അനുഭവപ്പെടുക. ഇത് കുട്ടികളിലും പ്രായമായവരിലും രോഗികളിലും പ്രയാസങ്ങൾ സൃഷ്ടിക്കും. 

English Summary:

As Mumbai bids farewell to the monsoon season, the city grapples with a sharp rise in temperatures and deteriorating air quality. This poses significant health risks, particularly for vulnerable groups.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com