ഫ്ലാറ്റിൽ തീപിടിത്തം; 5 പേർക്ക് പൊള്ളൽ
Mail This Article
മുംബൈ∙ ഡോംഗ്രിയിൽ ഫ്ലാറ്റിൽ ഉണ്ടായ തീപിടിത്തത്തിൽ 5 പേർക്കു പൊള്ളലേറ്റു. പരുക്കേറ്റവരെ ജെജെ ആശുപത്രിയിലും നൂർ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് പാചകവാതകം പൊട്ടിത്തെറിച്ച് സ്ഫോടനം ഉണ്ടാകുന്നത്. 22 നില കെട്ടിടത്തിന്റെ 12 മുതൽ 18 വരെയുള്ള നിലകളിലേക്ക് തീ പടർന്നതോടെ വൻനാശനഷ്ടം ഉണ്ടായി. 6 സിലിണ്ടറുകൾ പൊട്ടിത്തെറിച്ചെന്ന് അധികൃതർ വ്യക്തമാക്കി.
പാചകവാതകം പൊട്ടിത്തെറിച്ച വീട്ടിലുള്ളവർക്കാണ് പൊള്ളലേറ്റത്. അഗ്നിരക്ഷാ സേനയും പൊലീസും ഉടൻ സ്ഥലത്തെങ്കിലും ഇടുങ്ങിയ വഴിയായതിനാൽ ഫ്ലാറ്റിനടുത്തേക്ക് വാഹനം എത്തിക്കാൻ കഴിഞ്ഞില്ല. വൈകിട്ട് 3.30ന് ആണ് തീ നിയന്ത്രണവിധേയമാക്കിയത്. ഫ്ലാറ്റിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി മാറ്റിയതിന് ശേഷമാണ് തീയണച്ചത്. നൂറോളം പേർ ടെറസിലേക്ക് ഓടിക്കയറി രക്ഷപ്പെട്ടു.