കൂടുതൽ എസി ട്രെയിനുകളുമായി പശ്ചിമ റെയിൽവേ; ദിവസേന 13 അധിക സർവീസുകൾ
Mail This Article
മുംബൈ∙ ചൂടുകാലം ആരംഭിക്കുന്നതിന് മുൻപേ എസി ട്രെയിൻ സർവീസുകളുടെ എണ്ണം കൂട്ടി പശ്ചിമ റെയിൽവേ. പ്രതിദിനം 13 സർവീസുകൾ അധികം നടത്തും. കഴിഞ്ഞ ദിവസം എത്തിയ എസി ട്രെയിൻ കൂടുതൽ സർവീസുകൾക്ക് ഉപയോഗിച്ചു തുടങ്ങി. 96 സർവീസായിരുന്നു പശ്ചിമ റെയിൽവേ നടത്തിയിരുന്നത്. ഇത് 109 ആയി ഉയരും. 10 സർവീസുകൾ ഫാസ്റ്റ് ലൈനിലും മൂന്ന് സർവീസുകൾ സ്ലോ ലൈനിലുമാണ്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് ചർച്ച് ഗേറ്റിൽ നിന്ന് വിരാറിലേക്കായിരുന്നു ആദ്യ സർവീസ്. നോൺ എസി ട്രെയിനുകളിലൊന്നിനെ മാറ്റിയാണ് എസി സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
എസി ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധന ഉണ്ടായിട്ടുണ്ടെന്നും അതിനാലാണ് പുതിയ സർവീസുകൾ ആരംഭിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി. രാവിലെ തിരക്കുള്ള സമയങ്ങളിൽ ഭയന്ദർ–ചർച്ച് ഗേറ്റ് പാതയിലും വിരാർ ചർച്ച് ഗേറ്റ് പാതയിലും കൂടുതൽ സർവീസുകൾ നടത്താനാണ് പദ്ധതി. വാരാന്ത്യങ്ങളിൽ സർവീസുകളുടെ എണ്ണത്തിൽ വ്യത്യാസമുണ്ടാകും.
പശ്ചിമ റെയിൽവേയിൽ പ്രതിദിനം 30 ലക്ഷത്തിലേറെ യാത്രക്കാരാണുള്ളത്. ഇതിൽ 1.30 ലക്ഷം പേർ എസി ലോക്കലുകളെ ആശ്രയിക്കുന്നു. രാജ്യത്താദ്യമായി 2017 ലാണ് ലോക്കൽ എസി ട്രെയിൻ സർവീസ് ആരംഭിച്ചത്. ആദ്യം യാത്രക്കാർ കുറവായിരുന്നെങ്കിലും നിരക്കിളവ് നൽകിയതോടെ യാത്രക്കാർ എസി ട്രെയിനിലേക്ക് ചേക്കേറുകയായിരുന്നു.നഗരത്തിലെ മുഴുവൻ ലോക്കൽ ട്രെയിനുകൾ എസി ട്രെയിനുകളാക്കി മാറ്റാനുള്ള പദ്ധതികളും പുരോഗമിക്കുന്നുണ്ട്. ലോകബാങ്കിന്റെ സഹായത്തോടെ കൂടുതൽ ട്രെയിനുകൾ എത്തിക്കാനാണ് പദ്ധതി. നോൺ എസി ലോക്കൽ ട്രെയിനുകൾ ഘട്ടം ഘട്ടമായി പിൻവലിച്ച് പൂർണമായും എസി ട്രെയിനുകളിലേക്ക് മാറ്റും.
മാർച്ചിൽ കൂടുതൽ യാത്രക്കാർ
മാർച്ച് മാസത്തോടെ കൂടുതൽ യാത്രക്കാർ എസി ട്രെയിനുകളെ ആശ്രയിക്കുന്നത് പതിവാണ്. അടുത്ത വർഷവും ഇത്തരത്തിൽ വർധനയുണ്ടാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ചൂടും ഉഷ്ണവും സഹിച്ചു തിങ്ങി നിറഞ്ഞുള്ള പതിവു ലോക്കൽ ട്രെയിൻ യാത്രയ്ക്ക് പകരം ശീതീകരിച്ച, കൂടുതൽ സുരക്ഷിതമായ യാത്ര തേടിയാണ് എസി ട്രെയിനിലേക്ക് യാത്രക്കാർ മാറുന്നത്. മുംബൈയിലെ മെട്രോ ട്രെയിൻ സർവീസുകളിലും തിരക്കു കൂടുന്നുണ്ട്.