60 മീറ്റർ നീളം, 585 മെട്രിക് ടൺ ഭാരം; അവസാന ഉരുക്കുപാലവും ഘടിപ്പിച്ചു; കൂട്ടിമുട്ടി തീരദേശ റോഡ്, കടൽപാലം
Mail This Article
മുംബൈ∙ തീരദേശ റോഡിനെ ബാന്ദ്ര–വർളി കടൽപാലവുമായി ബന്ധിപ്പിക്കുന്ന അവസാന ഉരുക്കുപാലവും ഘടിപ്പിച്ചു. തീരദേശ റോഡിന്റെ വടക്കുഭാഗത്തെ ബാന്ദ്ര–വർളിയുമായി യോജിപ്പിക്കുന്ന ഭാഗമാണ് ഘടിപ്പിച്ചത്. 60 മീറ്റർ നീളവും 585 മെട്രിക് ടൺ ഭാരവും ഉള്ളതാണ് ഈ ഉരുക്കുപാലം. അടുത്ത വർഷാരംഭത്തിൽ പാത പൂർണമായും തുറന്ന് കൊടുക്കാനാകുമെന്ന് അധികൃതർ പറഞ്ഞു. ഹിന്ദുസ്ഥാൻ കൺസ്ട്രക്ഷൻ ലിമിറ്റഡ് നിർമിച്ച ഉരുക്കുപാലം കടൽമാർഗമാണ് വർളിയിലെത്തിച്ചത്.
പദ്ധതി പൂർത്തിയാകുന്നതോടെ മുംബൈയിലെ ഗതാഗത ഭൂപടത്തിൽ വലിയ മാറ്റം ഉണ്ടാകും. നിലവിൽ തീരദേശ റോഡിന്റെ 93 ശതമാനം നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടുണ്ട്. റോഡിന്റെ വടക്കോട്ടും തെക്കോട്ടും ബന്ധിപ്പിക്കുന്ന കണക്ടറുകൾ പൂർത്തിയായതോടെ ഇനി അവസാനവട്ട മിനുക്കുപണികളാണ് നടത്താനുള്ളത്. ഇത് രണ്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കി ജനുവരിയോടെ പാത പൂർണമായും പ്രവർത്തന സജ്ജമാക്കും.
മൂന്ന് ഉരുക്കുപാലങ്ങളാണ് തീരദേശറോഡിന്റെ ഭാഗമായി ഇതു വരെ ഘടിപ്പിച്ചത്. തീരദേശ റോഡിനെ ബാന്ദ്ര–വർളി സീലിങ്കുമായി കൂട്ടിമുട്ടിക്കുമ്പോൾ ബോട്ടുകൾക്ക് കടന്ന് പോകാനാകില്ലെന്നും അത് ജീവിതമാർഗം മുട്ടിക്കുമെന്നും ചൂണ്ടിക്കാട്ടി മത്സ്യത്തൊഴിലാളികൾ പ്രതിഷേധിച്ചിരുന്നു. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചയിൽ ബദൽ മാർഗം എന്ന നിലയിലാണ് ബോട്ടുകൾ കടന്ന് പോകുന്നതിനായി തൂണുകളുടെ എണ്ണം കുറച്ച് ആർച്ച് പാലം എന്ന ആശയം ഉടലെടുത്തത്.
മറൈൻ ഡ്രൈവിൽ നിന്നുള്ള തീരദേശപാത വർളി–ബാന്ദ്ര കടൽപാലവുമായി ബന്ധിപ്പിച്ച് പൂർണമായും തുറക്കുന്നതോടെ അതിവേഗയാത്ര സാധ്യമാകും. എട്ടുവരിപ്പാതയാണിത്. മറൈൻ ഡ്രൈവ്– വർളി പാതയിൽ തിരക്കേറിയ സമയങ്ങളിൽ മുക്കാൽ മണിക്കൂറിലേറെ യാത്രയ്ക്ക് വേണ്ടിയിരുന്നത് തീരദേശ റോഡ് 10 മിനിറ്റായി കുറയ്ക്കും. പാതയുടെ വിവിധ ഭാഗങ്ങൾ നേരത്തെ തുറന്നിരുന്നു.