ADVERTISEMENT

മുംബൈ∙ രാജ്യാന്തര വിമാനത്താവളത്തിന്റെ ടെർമിനൽ 2, മെട്രോ 3 ഭൂഗർ‌ഭപാത എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന താൽക്കാലിക നടപ്പാത ഉടൻ തുറക്കും. ഇത് വിമാനത്താവളത്തിലേക്കും തിരിച്ചും വരുന്നവർക്ക് വലിയ സഹായമാകും. ട്രെയിനിറങ്ങുന്ന യാത്രക്കാർ വിമാനത്താവളത്തിലേക്ക് പോകാൻ ബുദ്ധിമുട്ടുന്നെന്ന വാർത്തകൾ പുറത്തുവന്നതിന് പിന്നാലെയാണ് താൽക്കാലിക നടപ്പാത നിർമിക്കാൻ തീരുമാനിച്ചത്. ഇപ്പോൾ 15 മിനിറ്റ് സമയമെടുത്താണ് കാൽനടയാത്രക്കാർ വിമാനത്താവളത്തിൽ എത്തുന്നത്. 

നഗരവികസന വകുപ്പും മുംബൈ മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡും എംഎംആർഡിഎയും, മുംബൈ രാജ്യാന്തര വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരും തമ്മിൽ  ചർച്ചകൾ നടത്തിയിരുന്നു. മെട്രോ 7എ പാതയും വിമാനത്താവളവും തമ്മിൽ ബന്ധിപ്പിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. ഇത് കണക്കിലെടുത്താണ് ഇപ്പോൾ താൽക്കാലിക പാത നിർമിക്കുന്നത്.

കഴിഞ്ഞ മാസം 15 മുതൽ മെട്രോ 3 സ്റ്റേഷൻ– ടെർമിനൽ 2 എന്നിവയ്ക്ക് ഇടയിൽ  ബസ് സർവീസുകൾ ആരംഭിച്ചെങ്കിലും യാത്രക്കാർ ബസിനായി കാത്ത് നിൽക്കാത്തതിനാൽ ഇതു വിജയിച്ചില്ല. യാത്രക്കാരിൽ നിന്നു മികച്ച പ്രതികരണമാണ് മെട്രോ 3ന് ലഭിക്കുന്നത്. വിമാനത്താവളത്തിലെ ജീവനക്കാർക്ക് ഉൾപ്പെടെ നടപ്പാത പ്രയോജനകരമായി മാറും.

9 ട്രെയിനുകൾ, 96 സർവീസുകൾ
മെട്രോ 3 പാതയിൽ 9 ട്രെയിനുകൾ ദിവസേന 96 സർവീസുകളാണ് നടത്തുന്നത്. ശരാശരി 7.30 മിനിറ്റ് ഇടവേളയിലാണ് ട്രെയിനുകൾ ക്രമീകരിച്ചിരിക്കുന്നത്. തിരക്കുള്ള സമയങ്ങളിൽ അത് 6.40 മിനിറ്റായി കുറയ്ക്കും. പ്രവൃത്തിദിനങ്ങളിൽ രാവിലെ 6.30 മുതൽ രാത്രി 10.30 വരെയും വാരാന്ത്യങ്ങളിൽ രാവിലെ 8.30 മുതൽ രാത്രി 10.30വരെയുമാണ് സർവീസുകൾ. ദിവസേന 20000ൽ അധികം ആളുകൾ മെട്രോ മൂന്നിനെ ആശ്രയിക്കുന്നുണ്ട്.

സിഎസ്എംടി ഭൂഗർഭ നടപ്പാത: ചൂട് പുറന്തള്ളാൻ പുത്തൻ ഫാനുകൾ
മുംബൈ∙ സിഎസ്എംടിയിലെ ഭൂഗർഭ നടപ്പാതയിൽ ബിഎംസി അത്യാധുനിക ഫാനുകൾ സ്ഥാപിച്ചു. സുഗമമായ വായുസഞ്ചാരം ഉറപ്പാക്കുകയും താപനില നിയന്ത്രിക്കുകയും വഴി തിരക്കുള്ള സമയത്തെ ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ലക്ഷ്യം. ഒൻപത് ജെറ്റ് ഫാനുകളും ഉയർന്ന ശേഷിയുള്ള ഒരു കേന്ദ്രീകൃത ഫാനുമാണ് സ്ഥാപിച്ചത്.  നിലവിലെ സൗകര്യങ്ങൾ പര്യാപ്തമല്ലാതെ വന്നതോടെയാണ് പുതിയ ഫാനുകൾ സ്ഥാപിച്ചത്.

3000 ചതുരശ്രമീറ്റർ വിസ്തീർണമുള്ള ഭൂഗർഭ നടപ്പാതയാണ് സിഎസ്എംടിയിലേത്. ലോക്കൽ ട്രെയിനിൽ വന്നിറങ്ങുന്നവർക്ക് ഡിഎൻ റോഡ്, മഹാപാലിക മാർഗ് എന്നിവിടങ്ങളിലേക്ക് എത്താൻ ഇത് ഉപകരിക്കും. 1999ൽ ഉദ്ഘാടനം കഴിഞ്ഞതുമുതൽ അമിതമായ തിരക്ക്, ചൂട്, വായുസഞ്ചാര സൗകര്യങ്ങളുടെ കുറവ്, അനധികൃത കച്ചവടം, കട വിപുലീകരണം എന്നിവ ചൂണ്ടിക്കാട്ടി ഒട്ടേറെ പരാതികൾ നടപ്പാതയുമായി ബന്ധപ്പെട്ട് ഉയർന്നിരുന്നു. പുതുതായി സ്ഥാപിച്ച ഫാനുകൾ, ചൂടുള്ള വായു പുറത്തേക്ക് തള്ളി പാതയിൽ തണുപ്പ് നിലനിർത്തുന്നതും പെട്ടെന്നുണ്ടാകുന്ന തീ, പുക എന്നിവയെ തടയാൻ സഹായിക്കുന്നതുമാണ്.

English Summary:

Traveling to and from Mumbai Airport's Terminal 2 is about to get easier! A temporary walkway will soon connect the terminal to the Metro 3 station, cutting down travel time and providing much-needed relief for passengers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com