മുംബൈ മെട്രോ 3 ഭൂഗർഭപാത: രണ്ടാം ഘട്ടം മേയിൽ
Mail This Article
മുംബൈ∙ മെട്രോ 3 ഭൂഗർഭപാതയുടെ രണ്ടാം ഘട്ടം അടുത്ത വർഷം മേയ് മാസത്തോടെ ആരംഭിക്കാനാകുമെന്ന് അധികൃതർ വ്യക്തമാക്കി. ഈ ഡിസംബറിൽ പ്രവർത്തനസജ്ജമാകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കാലതാമസം വരുന്നതിനാലാണ് ഉദ്ഘാടനം മേയിലേക്ക് മാറ്റിയത്. അന്ധേരി സീപ്സ് മുതൽ കൊളാബ വരെ 33 കിലോമീറ്റർ വരുന്ന ഭൂഗർഭ മെട്രോയുടെ ആദ്യഘട്ടത്തിൽ 12 കിലോമീറ്റർ കഴിഞ്ഞ മാസം തുറന്നിരുന്നു. ആരേ കോളനി – ബികെസി ഭാഗമാണ് തുറന്നത്. അതിന്റെ തുടർച്ചയായി ബികെസിയിൽ നിന്ന് കൊളാബ വരെയുള്ള 21 കിലോമീറ്റർ വരുന്ന ഭാഗമാണ് മേയിൽ തുറക്കുന്നത്. രണ്ടാം ഘട്ടത്തിന്റെ 90 ശതമാനം ജോലികളും പൂർത്തിയായതായും അധികൃതർ വ്യക്തമാക്കി.
ദക്ഷിണ മുംബൈയിൽ നിന്ന് ഏറ്റവും കൂടുതൽ കോർപറേറ്റ് ആസ്ഥാനങ്ങൾ സ്ഥിതി ചെയ്യുന്ന ബാന്ദ്ര കുർള കോംപ്ലക്സ് വഴി വ്യവസായ വാണിജ്യ മേഖലയായ അന്ധേരി സീപ്സിലേക്ക് നീളുന്ന പാതയെന്ന നിലയിൽ വലിയ പ്രാധാന്യമുണ്ട് കൊളാബ – ആരേ കോളനി മെട്രോ 3 പാതയ്ക്ക്. ഭൂഗർഭ മെട്രോ പദ്ധതിക്ക് 2011ൽ ആണ് അംഗീകാരം ലഭിച്ചത്. 37000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ജപ്പാൻ ഇന്റർനാഷനൽ കോർപറേഷൻ ഏജൻസിയുടെ സഹായത്തോടെയാണ് പൂർത്തിയാക്കുന്നത്. ആദ്യം 23,000 കോടിയായിരുന്നു ബജറ്റായി നിശ്ചയിച്ചിരുന്നത്. പിന്നീട് ഘട്ടം ഘട്ടമായി തുക ഉയർത്തി.
മെട്രോ 3 അഥവാ അക്വാലൈൻ
മെട്രോ ലൈൻ 3 എന്നറിയപ്പെടുന്ന ഭൂഗർഭപാതയ്ക്ക് അക്വാലൈൻ എന്നും പേരുണ്ട്. 27 സ്റ്റേഷനുകളാണുള്ളത്. ഇതിൽ പത്ത് സ്റ്റേഷനുകൾ നിലവിൽ പ്രവർത്തനസജ്ജമാണ്. രണ്ടാം ഘട്ടം കൂടി പൂർത്തിയാകുന്നതോടെ ഡ്രൈവറില്ലാ ട്രെയിനുകൾ ഓടിക്കാനുള്ള സാധ്യതയും ഉണ്ട്. പൂർണമായും മെട്രോ 3 പ്രവർത്തനം ആരംഭിക്കുന്നതോടെ ലോക്കൽ ട്രെയിനിൽ നിന്ന് വലിയൊരു വിഭാഗം മെട്രോയിലേക്ക് ചേക്കേറുമെന്ന് പ്രതീക്ഷിക്കുന്നു. 13 ലക്ഷത്തോളം ആളുകൾ ദിവസേന യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്.