ADVERTISEMENT

വസായ്∙ നാലസൊപാര ഈസ്റ്റിലെ അച്ചോളെയിൽ സംവരണ ഭൂമിയടക്കം കയ്യേറി നിർമിച്ച അനധികൃത കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി. സമ്പാദ്യമെല്ലാം നൽകി സ്വന്തമായി ചെറിയ ഫ്ലാറ്റുകൾ വാങ്ങിയ 1200ൽപരം കുടുംബങ്ങളാണ് പെരുവഴിയിലായത്. അച്ചോളെയിൽ ഡംപിങ് ഗ്രൗണ്ടിനും ജലസംഭരണിക്കുമായി സംവരണം ചെയ്ത ഭൂമിയും ഒരു വിദേശ ഇന്ത്യക്കാരന്റെ സ്വകാര്യ ഭൂമിയും കയ്യേറി 2006ൽ പണിത 41 അനധികൃത കെട്ടിടങ്ങളാണ് കോടതി ഉത്തരവ് പ്രകാരം പൊളിച്ചു തുടങ്ങിയത്. കനത്ത പൊലീസ് സുരക്ഷയിൽ ഇന്നലെ വിജയലക്ഷ്മി നഗറിലെ 7 കെട്ടിടങ്ങൾ നിലംപരിശാക്കി. മുൻപ് നാലസൊപര മുനിസിപ്പാലിറ്റിയിൽ കൗൺസിലർ ആയിരുന്ന സീതാറാം ഗുപ്തയാണ് ഭൂമി കൈവശപ്പെടുത്തി 41 കെട്ടിടങ്ങൾ പണിത് വിറ്റത്. അധികൃതരുടെ മൗനാനുവാദത്തോടെ ബഹുനില കെട്ടിടങ്ങൾ നിർമിച്ച് വിറ്റായിരുന്നു തട്ടിപ്പ്.

മാസങ്ങൾക്ക് മുൻപ് കോടതി ഉത്തരവു പ്രകാരം താമസക്കാർക്ക് വിവിഎംസി നോട്ടിസ് നൽകിയിരുന്നു. അനധികൃതമാണെന്ന് അറിയാതെ ഫ്ലാറ്റുകൾ വാങ്ങിയ താമസക്കാർ ഇതേത്തുടർന്ന് പ്രക്ഷോഭം ആരംഭിച്ചു. തുടർന്ന് സർവകക്ഷി നേതാക്കൾ നടത്തിയ യോഗത്തിൽ, താമസക്കാരെ പുനരധിവസിപ്പിക്കാനുള്ള നടപടിക്ക് ശേഷം മാത്രമേ കെട്ടിടം പൊളിക്കാൻ അനുവദിക്കുകയുള്ളുവെന്ന് ഉറപ്പ് നൽകിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് ഏതാനും ദിവസം മുൻപ് വീണ്ടും നേതാക്കൾ താമസക്കാരെ ആശ്വസിപ്പിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടപ്പോൾ ബുൾഡോസറുകളും വൻ പൊലീസ് സന്നാഹങ്ങളുമായെത്തി കെട്ടിടങ്ങൾ പൊളിക്കുമ്പോൾ ഈ നേതാക്കളെ ആരെയും കാണാനില്ല എന്നാണ് ബാധിക്കപ്പെട്ടവർ പറയുന്നത്.

English Summary:

The demolition of 41 illegal buildings in Nalasopara East has left over 1200 families homeless. Built on encroached land, including reserved land, these buildings were sold to unsuspecting families. Despite promises of rehabilitation, residents were left with nothing after the demolition.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com