20 ശതമാനം സ്കൂളുകളിൽ കംപ്യൂട്ടർ പോലുമില്ല; സാങ്കേതിക ‘വിദ്യ’ സാങ്കൽപികം മാത്രം
Mail This Article
മുംൈബ∙ അടിസ്ഥാന സൗകര്യവികസന രംഗത്ത് ഏറ്റവും വേഗത്തിൽ വളരുന്ന സംസ്ഥാനമെന്ന ഖ്യാതി നിലനിർത്താൻ ശ്രമിക്കുമ്പോഴും പ്രാഥമിക ഡിജിറ്റൽ സൗകര്യങ്ങൾ പോലും ഒരുക്കാത്ത സ്കൂളുകൾ ഒട്ടേറെയുണ്ടെന്ന് റിപ്പോർട്ട്. ആകെ 1.08 ലക്ഷം സ്കൂളുകളിൽ സർക്കാർ–സ്വകാര്യ മേഖലയിലെ 20 ശതമാനത്തിലേറെ സ്കൂളുകളിൽ കംപ്യൂട്ടർ പോലുമില്ല; ഇന്റർനെറ്റ് ഇല്ലാത്തത് 32 ശതമാനം സ്കൂളുകളിൽ. സ്മാർട്ട് ക്ലാസ് റൂമില്ലാത്ത 40 ശതമാനം സ്കൂളുകളും സംസ്ഥാനത്തുണ്ട്.
ഡിജിറ്റൽ–സാങ്കേതികവിദ്യാ സൗകര്യങ്ങളിൽ സർക്കാർ–സ്വകാര്യ സ്കൂളുകൾ തമ്മിൽ വലിയ വിടവുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ട യുഡിഐഎസ്ഇയുടെ (യൂണിഫൈഡ് ഡിസ്ട്രിക്ട് ഇൻഫർമേഷൻ സിസ്റ്റം ഫോർ എജ്യുക്കേഷൻ) 2022–23, 2023–24 വർഷത്തെ റിപ്പോർട്ടിലാണ് വിവരങ്ങൾ ഉള്ളത്.
ഇപ്പോഴും പേനയും പേപ്പറും മാത്രം!
അത്യാധുനിക ഇന്റർനെറ്റ് സൗകര്യവും നിർമിത ബുദ്ധിയുടെ (എഐ) സഹായത്തോടെയുള്ള പഠന സംവിധാനവും ഉപയോഗിച്ച് സ്വകാര്യ സ്കൂളുകളിൽ വലിയ മുന്നേറ്റം നടക്കുമ്പോൾ പേനയും പേപ്പറും മാത്രമുപയോഗിച്ചാണ് സർക്കാർ സ്കൂളുകളിലെ പഠനം. 92 ശതമാനം സ്വകാര്യ സ്കൂളുകളിൽ ഇന്റർനെറ്റ് സൗകര്യം ഉറപ്പാക്കിയപ്പോൾ 54 ശതമാനം സർക്കാർ സ്കൂളുകളിൽ മാത്രമാണ് ഈ സൗകര്യമുള്ളത്.
കംപ്യൂട്ടർ സൗകര്യമുള്ള സ്കൂളുകളുടെ എണ്ണം മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞ വർഷം കുറയുകയാണുണ്ടായത്. നേരത്തേയുള്ളത് കേടായതാകാം കാരണം. സ്വകാര്യ സ്കൂളുകളെ ഇതു വലിയ രീതിയിൽ ബാധിച്ചിട്ടില്ല. അതേസമയം കംപ്യൂട്ടർ ലഭ്യതയുടെ വിഷയത്തിൽ 4 ശതമാനം ഇടിവാണ് സർക്കാർ സ്കൂളുകളിൽ ഉണ്ടായത്. കുട്ടികളുടെ വിവരങ്ങൾ സർക്കാർ വെബ്സൈറ്റിൽ ചേർക്കേണ്ടതുൾപ്പെടെയുള്ള അനിവാര്യ ജോലികൾ മൊബൈൽ ഫോണും മൊബൈൽ ഡേറ്റയും ഉപയോഗിച്ചാണ് പൂർത്തിയാക്കുന്നതെന്ന് പല അധ്യാപകരും പറഞ്ഞു.
സംസ്ഥാനത്തെ സ്കൂളുകൾ (അടിസ്ഥാന വിവരങ്ങൾ) 2022–23 2023–24
സ്കൂളുകൾ 1,08,451 1,08,237
കുട്ടികൾ 2.11 കോടി 2.14 കോടി
അധ്യാപകർ 7.42 ലക്ഷം 7.38 ലക്ഷം
ഏകാധ്യാപക സ്കൂൾ 781 76
സ്കൂളുകളിലെ സാങ്കേതികവിദ്യാ സൗകര്യങ്ങൾ (ശതമാനത്തിൽ) കംപ്യൂട്ടർ ഇന്റർനെറ്റ് സ്മാർട്ട് ക്ലാസ് റൂം
ആകെ 75 68 60
സർക്കാർ 64 54 65
എയ്ഡഡ് 91 83 47
സ്വകാര്യം 95 92 57
(2023–24 ലെ യുഡിഐഎസ്ഇ പ്ലസിന്റെ റിപ്പോർട്ട് അനുസരിച്ച്)
പുതുക്കാതെ ഐടി ലാബുകൾ
പല സർക്കാർ സ്കൂളുകളിലും വർഷങ്ങൾക്കു മുൻപാണ് ഐടി ലാബുകൾ ഒരുക്കിയത്. 2 സിപിയുകളും 5 മോണിറ്ററുമാണ് അന്ന് ഓരോ സ്കൂളിലേക്കും നൽകിയത്. 5 വർഷത്തേക്ക് ഇതിന്റെ അറ്റകുറ്റപണികൾക്കുള്ള ചെലവും നൽകി. ബാക്കി വഹിക്കേണ്ടത് അതത് സ്കൂളുകളാണ്.
അടിസ്ഥാന ആവശ്യങ്ങൾ പോലും നിറവേറ്റാൻ ബുദ്ധിമുട്ടുന്ന സർക്കാർ സ്കൂളിലെ അധ്യാപകർ സാങ്കേതിക സൗകര്യങ്ങളുടെ അറ്റകുറ്റപ്പണിക്ക് എവിടുന്ന് പണം കണ്ടെത്തുമെന്ന ചോദ്യമാണ് അധ്യാപക സംഘടനകൾ ചോദിക്കുന്നത്. അതേസമയം, സ്വകാര്യ സ്കൂളുകളെക്കാൾ സ്മാർട്ട് ക്ലാസ് മുറികളുള്ളത് സർക്കാർ സ്കൂളുകളിലാണ് എന്നും റിപ്പോർട്ട് പറയുന്നു.