എച്ച്എംപി വൈറസ് : സർവസന്നാഹങ്ങളുമായി ആരോഗ്യവകുപ്പ്; ഭീതി വേണ്ട, ജാഗ്രത മതി...!
Mail This Article
മുംബൈ∙ എച്ച്എംപി വൈറസ് ബെംഗളൂരുവിലും അഹമ്മദാബാദിലും ചെന്നൈയിലും സ്ഥിരീകരിക്കുകയും ചൈനയിൽ വ്യാപകമാകുകയും ചെയ്തിരിക്കെ ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. ആശങ്കപ്പെടാനില്ലെന്നും ജാഗ്രത അനിവാര്യമാണെന്നും മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. അയൽസംസ്ഥാനങ്ങളായ കർണാടകയിലും ഗുജറാത്തിലും വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
‘‘ഇത് പുതിയ വൈറസ് അല്ല. ആശങ്കപ്പെടേണ്ടതില്ല. സമഗ്രമായ മാർഗനിർദേശങ്ങൾ ആരോഗ്യവകുപ്പ് ഉടൻ പുറത്തിറക്കും. കേന്ദ്ര ആരോഗ്യമന്ത്രാലയവും സംസ്ഥാന ആരോഗ്യമന്ത്രാലയവും വിശദമായി പരിശോധിക്കുന്നുണ്ട്– ഫഡ്നാവിസ് പറഞ്ഞു. രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി ഉണ്ടാകില്ല എന്നതിനാൽ രോഗനിർണയം വൈകുമെന്നതാണു വെല്ലുവിളി. അതിനാൽ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ചുമ, ജലദോഷം, തുമ്മൽ, പനി എന്നിവയിലൂടെയാണ് തുടക്കം.
അത് പിന്നീട് ന്യുമോണിയ, ബ്രോങ്കൈറ്റിസ് എന്നിവയായി മാറാം. എച്ച്എംപി വൈറസിന് വാക്സീൻ ഇല്ല. രോഗലക്ഷണങ്ങൾ ഉള്ളവരും കുട്ടികൾ, മുതിർന്നവർ, പ്രതിരോധ ശേഷി കുറവുള്ളവർ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർ എന്നിവരും ജാഗ്രത പുലർത്തണം. രോഗലക്ഷണങ്ങൾ തോന്നിയാൽ ഉടൻ ഡോക്ടറെ സമീപിക്കണം.
ശ്രദ്ധിക്കുക∙
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും ടവൽ ഉപയോഗിച്ച് മറയ്ക്കുക.
∙ ഇടവിട്ട് സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. സാനിറ്റൈസർ ഉപയോഗിച്ച് കൈ ശുദ്ധമാക്കാം.
∙ പനി, ചുമ, തുമ്മൽ ബാധിച്ചവർ പൊതുസ്ഥലങ്ങളിൽ നിന്നു വിട്ടു നിൽക്കുക.
∙ പോഷകസമൃദ്ധമായ ആഹാരം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക.
∙ ഷെയ്ക് ഹാൻഡ് പരമാവധി ഒഴിവാക്കുക.
∙ ഒരാൾ ഉപയോഗിച്ച ടവൽ ഉപയോഗിക്കാതിരിക്കുക. ഒരു ദിവസം ഉപയോഗിച്ച ടവൽ വീണ്ടും ഉപയോഗിക്കാതിരിക്കുക.
∙ രോഗമുള്ളവരിൽ നിന്ന് അകലം പാലിക്കുക.
∙ കണ്ണ്, മൂക്ക്, വായ എന്നിവയിൽ തൊടുന്നത് പരമാവധി ഒഴിവാക്കുക.
∙ പൊതുസ്ഥലത്ത് തുപ്പരുത്.
∙ സ്വയം ചികിത്സ ഒഴിവാക്കുക.