ലോക്കൽ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് പിഴ കൂട്ടിയേക്കും; കോച്ചുകൾ അനുസരിച്ച് പിഴ ഈടാക്കാൻ നീക്കം
Mail This Article
മുംബൈ∙ ലോക്കൽ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് പിഴ കൂട്ടിയേക്കും. സെക്കൻഡ് ക്ലാസ്, ഫസ്റ്റ് ക്ലാസ്, എസി എന്നിങ്ങനെ കോച്ചുകൾ അനുസരിച്ച് വ്യത്യസ്ത പിഴ ഇൗടാക്കാനാണു നീക്കം. നിലവിൽ 250 രൂപയാണ് എല്ലാ ക്ലാസിലും അടിസ്ഥാന പിഴത്തുക. ഇതുകൂടാതെ ട്രെയിൻ ഓടുന്ന റൂട്ടിലെ ഏറ്റവും കൂടിയ യാത്രാനിരക്ക്, 5 ശതമാനം ജിഎസ്ടി എന്നിവയും കൂട്ടിയാണ് പിഴ ഈടാക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി ലോക്കൽ ട്രെയിനിലെ സെക്കൻഡ് ക്ലാസിന് 250 രൂപ, ഫസ്റ്റ് ക്ലാസിന് 750 രൂപ, എസി ട്രെയിനിന് 1000 രൂപ എന്നിങ്ങനെ കൂട്ടാനാണ് ആലോചന.
പിഴത്തുക കൂട്ടണമെന്നാവശ്യപ്പെട്ട് പശ്ചിമ റെയിൽവേയും സെൻട്രൽ റെയിൽവേയും റെയിൽവേ ബോർഡിന് അപേക്ഷ സമർപ്പിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരുടെ എണ്ണം കൂടുകയാണെന്നും എസി ലോക്കൽ ട്രെയിനുകളിൽ ഈ പ്രവണത കൂടുതലാണെന്നും റെയിൽവേ ഉദ്യോഗസ്ഥർ പറഞ്ഞു. 2023നെ അപേക്ഷിച്ച് കഴിഞ്ഞ വർഷം 1.34 ലക്ഷം അധിക കേസുകൾ പശ്ചിമ റെയിൽവേയിൽ മാത്രം റിപ്പോർട്ട് ചെയ്തു. ദീർഘദൂര ട്രെയിനുകളിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവർക്ക് പിഴ ഈടാക്കുന്ന രീതിയെ മാതൃകയാക്കിയാണ് പുതിയ സംവിധാനം. സ്ലീപ്പർ, 1 എസി, 2 എസി, 3 എസി എന്നിവയ്ക്ക് വ്യത്യസ്തമായാണ് അവിടെ പിഴ ഈടാക്കുന്നത്.
ഉടനെ നടപ്പാകില്ല
ലോക്കൽ ട്രെയിനിലെ പിഴത്തുക കൂട്ടാൻ റെയിൽവേ ബോർഡിന് മുൻപിൽ അപേക്ഷ സമർപ്പിച്ചെങ്കിലും നടപ്പാകാൻ സമയമെടുക്കും. 1989ലെ റെയിൽവേ ആക്ടിൽ മാറ്റം വരുത്തിയാൽ മാത്രമേ പുതിയ പിഴ പരിഷ്കരണം നടപ്പാകൂ. ലോക്കൽ ട്രെയിനിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് കഴിഞ്ഞ വർഷം ഏപ്രിൽ– നവംബർ കാലയളവിൽ മാത്രം 30.63 കോടി രൂപയാണ് പശ്ചിമ റെയിൽവേ പിഴയായി ഈടാക്കിയത്. കഴിഞ്ഞ സെപ്റ്റംബറിൽ മാത്രം 8000 ടിക്കറ്റില്ലാ യാത്രക്കാരെ പശ്ചിമ റെയിൽവേ പിടിച്ചു.
യാത്രക്കാർ കൂടി
ലോക്കൽ ട്രെയിൻ ഉപയോഗിക്കുന്നവരുടെ എണ്ണം കോവിഡിന് മുൻപുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തി. കഴിഞ്ഞ ഓഗസ്റ്റിന് ശേഷം പ്രതിദിനം ശരാശരി 70 ലക്ഷത്തിലേറെ പേരാണ് ലോക്കൽ ട്രെയിനിൽ യാത്ര ചെയ്തത്.