വികസന പദ്ധതികൾ ഊർജിതമാക്കി സർക്കാർ: ബിഎംസി പിടിക്കാൻ വികസന തന്ത്രം
Mail This Article
മുംബൈ∙ മുംബൈ കോർപറേഷൻ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് അടിസ്ഥാന സൗകര്യവികസന പദ്ധതികൾ ഉൗർജിതമാക്കാൻ എൻഡിഎ സർക്കാർ. ആരേ കോളനിയിൽ നിന്ന് ബികെസി വരെ സർവീസ് നടത്തുന്ന മെട്രോ 3 നൂറു ദിവസത്തിനുള്ളിൽ ബികെസിയിൽ നിന്നു വർളിയിലേക്കു സർവീസ് ആരംഭിക്കുമെന്നു സർക്കാർ വ്യക്തമാക്കി. അടിസ്ഥാന സൗകര്യ വികസന മേഖലയിലെ ഒട്ടേറെ പദ്ധതികൾ കേന്ദ്രമന്ത്രി പിയുഷ് ഗോയലും പ്രഖ്യാപിച്ചു.വെർസോവ മുതൽ ദഹിസർ വരെയുള്ള തീരദേശ റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ 45 ദിവസത്തിനുള്ളിൽ ആരംഭിക്കുമെന്ന് പിയുഷ് ഗോയൽ പറഞ്ഞു. 20 കിലോമീറ്റർ റോഡിന്റെ നിർമാണക്കരാർ കഴിഞ്ഞ വർഷം തുടക്കത്തിൽ ബിഎംസി നൽകിയിരുന്നു. ഇതുവരെ പണി ആരംഭിച്ചിട്ടില്ല.
16,621 കോടി രൂപയാണ് ചെലവ്. പരിസ്ഥിതി മന്ത്രാലയത്തിൽ നിന്നുള്ള അനുമതി കൂടി ഉടൻ ലഭിക്കുമെന്നും പണികൾ തുടങ്ങുമെന്നും പിയുഷ് ഗോയൽ അറിയിച്ചു. ബിഎംസി തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ഒട്ടേറെ പദ്ധതികളാണ് സ്വന്തം ലോക്സഭാ മണ്ഡലമായ മുംൈബ നോർത്തിൽ ഗോയലിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്നത്. തിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ 40 സീറ്റുകളിൽ ബിജെപി ജയിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. മാരത്തൺ പദ്ധതി നടത്തിപ്പിന്റെ ഭാഗമായി മുനിസിപ്പൽ കമ്മിഷണർ, മാഡ, എസ്ആർഎ, എംഎംആർഡിഎ, കായികം, ജില്ലാ ഭരണകൂടം, പൊലീസ് വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി. 5 മാസത്തിനിടയിൽ നടക്കുന്ന മൂന്നാമത്തെ യോഗമാണിത്.
തീരദേശ റോഡ്, ലോഖണ്ഡ്‌വാല ഡിപി റോഡ്, മലാഡ് വികസന പദ്ധതി, കളിമൈതാനങ്ങൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ആരോഗ്യ രംഗത്തെ വികസനം, സഞ്ജയ് ഗാന്ധി ദേശീയ പാർക്കിലെ ബുദ്ധപ്രതിമയുടെ നിർമാണം, പൊയിസർ നദിയുടെ ശുചീകരണം, വീതികൂട്ടൽ തുടങ്ങി 60,000 കോടി രൂപയുടെ പദ്ധതികളാണ് മണ്ഡലത്തിൽ നടപ്പാക്കാൻ പോകുന്നത്. എല്ലാ വർഷവും 50 കിലോമീറ്റർ വീതം മെട്രോ പാത തുറക്കാവുന്ന വിധത്തിൽ നടപടികൾ വേഗത്തിലാക്കണമെന്ന് നഗരവികസന വകുപ്പിന്റെ യോഗത്തിൽ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നിർദേശിച്ചു.