അനുമതി നൽകി തീരദേശ പരിപാലന അതോറിറ്റി മനോറി– മാർവെ യാത്രയ്ക്ക് കേബിൾ പാലം പണിയാം
Mail This Article
മുംബൈ ∙ മനോറി– ഗോരായ് ഉത്തൻ പ്രദേശങ്ങളെ മാർവെയുമായി ബന്ധിപ്പിക്കുന്ന 1.5 കിലോമീറ്റർ പാലത്തിന് തീരദേശ പരിപാലന അതോറിറ്റി അനുമതി നൽകി. മനോറിനും മാർവെയ്ക്കും ഇടയിൽ ബോട്ടുകളിലാണ് നിലവിൽ സഞ്ചരിക്കാൻ കഴിയുക. അതല്ലെങ്കിൽ മീരാഭായന്ദർ വഴി 29 കിലോമീറ്റർ ചുറ്റി വേണം എത്താൻ. ഗതാഗതക്കുരുക്ക് കൂടിയുണ്ടെങ്കിൽ 2 മണിക്കൂറിലേറെ സമയം വേണ്ടിവരും. അതെല്ലാം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പാലം നിർമിക്കുന്നത്.
മത്സ്യത്തൊഴിലാളികളുടെ പ്രതിഷേധത്തെ തുടർന്ന് അവരുമായി ചർച്ച നടത്തിയ അധികൃതർ തൊഴിലാളികളുടെ കൂടി സമ്മതം വാങ്ങിയിട്ടുണ്ട്. മൂന്ന് തൂണുകളിലായി കേബിൾ പാലം നിർമിക്കുന്നതോടെ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ കടന്നുപോകുന്നതിനും സൗകര്യമുണ്ടാകും.
ചെലവ് 400 കോടിയോളം
1.5 കിലോമീറ്ററുള്ള പാത നിർമിക്കുന്നതിന് ചെലവ് 400 കോടിയോളം രൂപയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നാലുവരി പാതയാണ് നിർമിക്കുക. ബാന്ദ്ര–വർളി കടൽപാലത്തിന്റെ മാതൃകയിലാണ് നിർമിക്കുക. നിർമാണത്തിനായി കണ്ടൽക്കാടുകൾ മുറിച്ച് മാറ്റുന്നതിനെതിരെ പരിസ്ഥിതി സ്നേഹികൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. അതിനാൽ, കോടതിയിൽ നിന്ന് അനുമതി വാങ്ങേണ്ടതുണ്ട്. പകരം കണ്ടൽക്കാടുകൾ വച്ചുപിടിപ്പിക്കുമെന്നാണ് ബിഎംസിയുടെ വാഗ്ദാനം.