ചൂടോടെ ചട്ടിയിൽ കിട്ടും മീൻകറിയും നെയ്ച്ചോറും
Mail This Article
മുംബൈ ∙ ഒരിക്കൽ രുചിച്ചാൽ പ്രിയപ്പെട്ടതാകുന്ന കോംബോ; അതാണ് ദക്ഷിണ മുംബൈയിലെ ഫൗണ്ടൻ പ്ലാസ ഹോട്ടലിലെ വിശേഷവിഭവമായ ചട്ടിയിലെ മീൻകറിയും നെയ്ച്ചോറും. സുഗന്ധമുള്ള മൃദുവായ അരി, കേരളത്തിൽ നിന്നെത്തിക്കുന്ന നെയ്യ്, സുഗന്ധവ്യഞ്ജനങ്ങൾ, മസാലക്കൂട്ട്, ആവശ്യത്തിന് തേങ്ങ, പിന്നെ മീൻ; ഇവയെല്ലാമാണ് വിഭവം തയാറാക്കാൻ ഉപയോഗിക്കുന്നത്. മീൻകറി തയാറാക്കുന്നതും ചട്ടിയിലാണ്.
1990 മുതൽ ഇവിടത്തെ പ്രത്യേക വിഭവമായി മെനു കാർഡിൽ ഇടംപിടിച്ചതാണ് മീൻകറിയും നെയ്ച്ചോറും. അതിനാൽ, മലയാളികളെ പോലെ ഈ നാട്ടുകാർക്കും ഏറെ ഇഷ്ടമുള്ള വിഭവമാണിത്. മിക്കപ്പോഴും നെയ്മീനാണ് കറിയുണ്ടാക്കാനായി ഉപയോഗിക്കുന്നത്. 400 രൂപയാണ് സാധാരണയായി നെയ്ച്ചോറിനും മീൻകറിക്കും കൂടി ഈടാക്കുന്നതെങ്കിലും മീൻ മാറുന്നതിനുസരിച്ച് വിലയിലും മാറ്റം വരും. 1990–95 കാലഘട്ടങ്ങളിൽ ദക്ഷിണ മുംബൈയിൽ താമസിച്ചിരുന്നവരിൽ പലരും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു ചേക്കേറിയെങ്കിലും മാസത്തിലൊരു തവണയെങ്കിലും ഇവിടെ ഈ രുചി തേടിയെത്താറുണ്ടെന്ന് ജനറൽ മാനേജർ വി.എ.ഖാദർ പറഞ്ഞു.