വികസനം: റെയിൽവേ സ്റ്റേഷനിലിരുന്നും ജോലി ചെയ്യാൻ ഡിജിറ്റൽ ലൗഞ്ചുകൾ ഒരുക്കും
Mail This Article
മുംബൈ ∙ യൂറോപ്പിലെ റെയിൽവേ സ്റ്റേഷനുകളിൽ നിന്ന് ആശയം ഉൾക്കൊണ്ട് മുംബൈയിലെ ലോക്കൽ ട്രെയിൻ സ്റ്റേഷനുകളിലും വർക്ക് ഫ്രം സ്റ്റേഷൻ സൗകര്യം ഒരുക്കുന്നു. പശ്ചിമ റെയിൽവേയുടെ വെസ്റ്റേൺ ൈലനിലെ തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിലായിരിക്കും ആദ്യം ഈ സൗകര്യം നൽകുക. മുംബൈ സെൻട്രൽ, അന്ധേരി, ബാന്ദ്ര ടെർമിനസ്, ഗോരേഗാവ്, ബോറിവ്‌ലി സ്റ്റേഷനുകളിലെ ഡിജിറ്റൽ ലൗഞ്ചുകളുടെ നടത്തിപ്പുചുമതല കരാറുകാർക്ക് നൽകും. പരിപാലനവും മറ്റും ഇവർ നടത്തുന്നതോടെ വൃത്തിയുള്ള അന്തരീക്ഷവും ലഭിക്കും. പദ്ധതി വിജയമായാൽ കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കും.
സ്റ്റേഷനുകളിൽ ഒരുക്കുന്ന അത്യാധുനിക ഡിജിറ്റൽ ലൗഞ്ചുകളിലാണ് ജോലി ചെയ്യാൻ സൗകര്യമുണ്ടാകുക. ഓഫിസിലോ വീട്ടിലോ ഇരുന്നെന്ന പോലെ ഇവിടെയിരുന്നും ജോലി ചെയ്യാം. ചെറിയ വാടക നൽകേണ്ടി വരും. അതിനൊപ്പം ലഘുഭക്ഷണം വേണമെങ്കിൽ അതും ലഭിക്കുന്ന വിധത്തിലാണ് പശ്ചിമ റെയിൽവേ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. നിലവിൽ മുംബൈയിലെ വിവിധ ഹോട്ടലുകളിലും ചില കോഫി ഷോപ്പുകളിലും ഏതാനും മണിക്കൂർ ഇരുന്നു ജോലി ചെയ്യാൻ സൗകര്യങ്ങൾ നൽകുന്നുമുണ്ട്.
റെയിൽവേ സ്റ്റേഷനുകളിലെ ഡിജിറ്റൽ ലോഞ്ചിൽ എസി, മേശ, വൈഫൈ, പ്ലഗ് സോക്കറ്റുകൾ തുടങ്ങി എല്ലാ സൗകര്യവും ഉണ്ടാകും. വലിയ സ്റ്റേഷനുകളിലും തിരക്കുള്ള സ്റ്റേഷനുകളിലുമാകും ആദ്യം പദ്ധതി നടപ്പാക്കുക. ഓരോ ലൗഞ്ചിലും 20–40 പേർക്ക് ഇരിക്കാവുന്ന വിധത്തിലാകും ഇരിപ്പിടങ്ങൾ ക്രമീകരിക്കുക. ടിക്കറ്റ് വരുമാനത്തിന് പുറമേ അധിക വരുമാനം എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. അത്യാവശ്യമായി എന്തെങ്കിലും ജോലി ചെയ്യാനുള്ളവർക്ക് ഒരു ട്രെയിൻ നഷ്ടപ്പെട്ടാലും ഇവിടെയിരുന്ന് ജോലി ചെയ്യാമെന്നതിനാൽ പലർക്കും പദ്ധതി ഉപകാരപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ പറഞ്ഞു.