മുടികൊഴിച്ചിൽ 8 ഗ്രാമങ്ങളിലേക്കു കൂടി വ്യാപിച്ചു; വെള്ളത്തിൽ ആശങ്ക
Mail This Article
മുംബൈ∙ വിദർഭയിലെ ബുൽഡാനയിൽ 3 ഗ്രാമങ്ങളിൽ റിപ്പോർട്ട് ചെയ്ത മുടികൊഴിച്ചിൽ 8 ഗ്രാമങ്ങളിലേക്കു കൂടി വ്യാപിച്ചു. ഔദ്യോഗിക വിവരം അനുസരിച്ച്, മുടികൊഴിച്ചിൽ ബാധിച്ചവരുടെ എണ്ണം 55ൽ നിന്ന് 155 ആയി ഉയർന്നു. ബുൽഡാനയിലെ കത്തേര, മച്രിഖേദ്, ഗുയ്, തരോഡ കസബ, ബുദ്റുക്, നിമ്പി, പാഹുർജിറ, മതർഗാവ് എന്നീ ഗ്രാമങ്ങളിലാണ് പുതുതായി റിപ്പോർട്ട് ചെയ്തത്.
ഒരാഴ്ചയ്ക്കുള്ളിൽ 300ൽ ഏറെപ്പേർക്ക് മുടികൊഴിച്ചിൽ ഉണ്ടായെന്നും മറ്റുള്ളവരുടെ പരിഹാസം ഭയന്ന് പല സ്ത്രീകളും ഇത് പരസ്യമാക്കാതിരിക്കുകയാണെന്നും ഗ്രാമീണർ പറഞ്ഞു. വെള്ളത്തിലെ ഫംഗസ് ബാധയാണ് മുടികൊഴിച്ചിലിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിശദമായ ലാബ് റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ അന്തിമ തീരുമാനമെടുക്കാനാകൂ എന്നും ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. അമോൽ ഗീതെ പറഞ്ഞു. രോഗികളിൽ ആന്റി ഫംഗസ് ചികിത്സ ആരംഭിച്ചു.
ഗ്രാമങ്ങളിലെ വെള്ളം ഉപയോഗിക്കരുതെന്ന് ജില്ലാ കലക്ടർ ഉത്തരവിറക്കി. അത്യാവശ്യ സമയങ്ങളിൽ വെള്ളം ഉപയോഗിക്കേണ്ട രീതിയെക്കുറിച്ച് ആരോഗ്യപ്രവർത്തകർ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. ഉപ്പിന്റെ അംശം കൂടിയ മണ്ണ്, ജലത്തിന്റെ ഗുണനിലവാരക്കുറവ് എന്നിവയുള്ള പൂർണ നദീതടത്തോട് ചേർന്ന ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. പ്രദേശത്തെ ഭൂഗർഭ ജലത്തിൽ ഫ്ലൂറൈഡിന്റെ അംശം അമിതമാണെന്ന് സർക്കാർ റിപ്പോർട്ടുകൾ നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതും മുടികൊഴിച്ചിലിന് കാരണമാകാമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു.