കൂടുതൽ സീറ്റുകളുള്ള ലോക്കൽ ട്രെയിൻ എത്തി; എസിയിൽ ഇനി വിശാല യാത്ര

Mail This Article
മുംബൈ∙ മധ്യറെയിൽവേയിൽ കൂടുതൽ സൗകര്യങ്ങളും വിശാലമായ ഇരിപ്പിടവുമുള്ള എസി ലോക്കൽ ട്രെയിൻ എത്തി. കുർള ഡിപ്പോയിൽ ട്രെയിനിന്റെ പരീക്ഷണയോട്ടം വൈകാതെ ആരംഭിക്കും. കൂടുതൽ സ്ഥലവും സീറ്റും ലഭിക്കുന്ന വിധത്തിലാണ് രൂപകൽപന. മാർച്ച് പകുതിയോടെ സർവീസ് ആരംഭിക്കാനാണ് പദ്ധതി.
1116 പേർക്ക് ഇരിക്കാം
പുതിയ ലോക്കൽ ട്രെയിനിൽ 1116 പേർക്ക് ഇരുന്ന് യാത്ര ചെയ്യാൻ സാധിക്കും. നിലവിലുളളതിൽ 1028 പേർക്കാണ് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നത്. 4936 പേർക്ക് നിന്നു യാത്ര ചെയ്യാം. രണ്ടു വർഷത്തിനിടെ ആദ്യമാണ് മധ്യറെയിൽവേക്ക് എസി ട്രെയിൻ എത്തുന്നത്. 110 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാൻ കഴിയും. ദിവസവും 10 മുതൽ 13 വരെ അധിക സർവീസുകൾ നടത്താനായേക്കും.6 എസി ട്രെയിനുകളാണ് മധ്യറെയിൽവേയിലുള്ളത്.
ഇതിൽ 5 ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്. ഏതെങ്കിലും തകരാറിലായാൽ പകരം ഓടിക്കാൻ ഒരു ട്രെയിൻ സ്റ്റാൻഡ് ബൈ ആയിട്ടുണ്ട്. പുതിയ ട്രെയിൻ കൂടിയെത്തുന്നതോടെ 6 ട്രെയിനുകൾ സർവീസിനായി ഉപയോഗിക്കാൻ സാധിക്കും. ഇപ്പോൾ മധ്യറെയിൽവേയിൽ പ്രതിദിനം 66 എസി ട്രെയിൻ സർവീസുകളാണുള്ളത്. ഇത്തരം ട്രെയിനുകളുടെ അടിയിലാണ് മോട്ടറുകൾ സ്ഥാപിച്ചിരിക്കുന്നത്. അതുകൊണ്ട് മഴക്കാലത്ത് സർവീസിന് വെല്ലുവിളിയുണ്ട്.
പരീക്ഷണയോട്ടം കഴിഞ്ഞാൽ സർവീസ്
പരീക്ഷണയോട്ടത്തിനു ശേഷം സർവീസിന്റെ സമയം നിശ്ചയിക്കും. നോൺ എസി ട്രെയിൻ മാറ്റി പകരം സർവീസ് നടത്താനാണ് ആദ്യഘട്ടത്തിൽ ആലോച്ചിരുന്നത്. കൂടുതൽ ചർച്ചകൾക്ക് ശേഷം തീരുമാനിക്കാമെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. വേനൽക്കാലംമുന്നിൽ കണ്ടാണ് പുതിയ ട്രെയിൻ എത്തിച്ചത്. സാധാരണ വേനൽക്കാലങ്ങളിൽ കൂടുതൽ പേർ എസി ട്രെയിനിലേക്ക് മാറും. മധ്യറെയിൽവേയിൽ എസി ലോക്കൽ ട്രെയിനുകളിൽ മാത്രം പ്രതിദിനം 75,000 യാത്രക്കാർ ചെയ്യുന്നുണ്ട്. സിഎസ്എംടി–താനെ, കല്യാൺ പാതയായ മെയിൻ ലൈനിലാണ് ഈ ട്രെയിനുകൾ എല്ലാം സർവീസ് നടത്തുന്നത്.